Wednesday, February 10, 2016

പുരുഷ സൂക്തം ജീവിതവിജയത്തിന്  -1

"ഓം സഹസ്രശീര്ഷാ പുരുഷഃ
സഹസ്രാക്ഷഃ സഹസ്രപാത്
സ ഭൂമിം വിശ്വതോ വൃത്വാ-
ഽത്യധിഷ്ഠത് ദശാംഗുലം"        1

പുരുഷ:= പുരുഷൻ ,സഹസ്ര ശീർഷാ = ആയിരം തലയുള്ളവനും ,സഹസ്രാക്ഷ:= ആയിരം കണ്ണുകൾ  ഉള്ളവനും ,സഹസ്രപാദ് = ആയിരം പാദങ്ങൾ  ഉള്ളവനും (ആകുന്നു ) സ:= അവൻ ,ഭൂമിം = ഭൂമിയെ ,വിശ്വത:= എങ്ങും വൃത്വാ = പൊതിഞ്ഞു-വ്യാപിച്ച് ,ദശ അംഗുലം =പത്ത് അംഗുലം ,അതി= കവിഞ്ഞ് ,അതിഷ്ടത് = ഇരിക്കുന്നു.

    ആയിരക്കണക്കിന് തലകളിലൂടെയും ആയിരക്കണക്കിന് കണ്ണുകളിലൂടെയും പാദങ്ങളിലൂടെയും പ്രകാശിക്കുന്നത് പരമാത്മ ബോധമാണ്.അതിനെ ഋഷിമാർ വിളിച്ച പേരുകൾ ആണ് പരമ പുരുഷൻ .പരമേശ്വരൻ ,പരബ്രഹ്മം  എന്നൊക്കെ .
ആയിരക്കണക്കിന് ജീവജാലങ്ങളിൽ അവൻ ചയ്തന്യമായി പ്രകാശിക്കുന്നു.അന്തമില്ലാത്ത അവന്റെ മഹിമ കൊണ്ട് അവനെ ആയിരം തലയുള്ള "അനന്തൻ " എന്ന് കൽപ്പിച്ചു .അവൻ തന്റെ പ്രപഞ്ച സൃഷ്ടിക്കു "ശേഷ"വും ബാക്കി വലിയ നാഗത്തിന്റെ വാല് പോലെ അനന്തമായി നീണ്ടു കിടക്കുന്നതിനാൽ "ശേഷ നാഗം " എന്ന്  അവർ സാദൃശ്യപ്പെടുത്തി.ഒരു നീളമുള്ള പാമ്പ് മാളത്തിലേക്ക് ഇഴഞ്ഞു കയറുന്നത്  നാം ശ്രദ്ധിച്ചിട്ടുണ്ടാകും.എത്ര കയറിയാലും തീരാതെ പിന്നെയും അവൻ ബാക്കി കിടക്കുന്ന അവസ്ഥ നമ്മിൽ തോന്നിക്കാറുണ്ടല്ലോ .അതുപോലെ ആ ഉചിഷ്ടബ്രഹ്മവും കാണപ്പെടുന്നു.ഋഷി അതിനെ ഉചിഷ്ടൻ എന്നും വിളിക്കുന്നു. ഈ കാണപ്പെടുന്ന ഭൂമി ഉൾപ്പെടുന്ന  നക്ഷത്രങ്ങളും സൂര്യ ചന്ദ്രന്മാരും ഉൾക്കൊള്ളുന്ന പ്രപഞ്ചം "വിരാട്ട് " എന്ന് വേദങ്ങളിൽ പറയപ്പെട്ടു. അപ്രകാരം ആ വിരാട്ട്  ശേഷനിൽ നീണ്ടു നിവർന്നു  കിടക്കുന്നു..ഒറ്റ ദർശനത്തിൽ അവനെ കാണാൻ കഴിയില്ല. താപത്രയങ്ങളുടെ മൂന്ന് വാതിലിലൂടെ കടന്നെ അവൻ കാണപ്പെടുകയുള്ളൂ .കാരണം അവന്റെ കണ്ണുകൾ  സൂര്യ ചന്ദ്രന്മാർ ആണ്.ഈ വിരാട്ടിനെയും ഉൾക്കൊണ്ടു കടന്ന്  ശേഷൻ എന്ന പരമാത്മ ബോധസത്യം നിലകൊള്ളുന്നു.സത്യത്തിൽ സനാതന ധര്മ്മത്തിലുള്ളവർ ആരാധിക്കുന്നത് ഈ ശേഷനെ , അനന്ത ബ്രഹ്മത്തെ ആണെന്ന് അറിയുന്നവർ തന്റെ ആധ്യാത്മിക പാതയിൽ വിജയിക്കുവാൻ തുടങ്ങുന്നു . സനാതന വേദങ്ങളുടെ പോരുളിലേക്ക് നയിക്കപ്പെടുന്നു. വിരാട്ട് പുരുഷ ,അനന്ത ശായിയായ അനന്ത പദ്മനാഭ പ്രതിഷ്ഠയിൽ  അനന്തനിലെക്കാണ്  എങ്ങും വ്യാപിച്ചവൻ എന്ന്  അർഥം വരുന്ന (വ്യപ്നോതി വിഷ്ണു ) അനന്ത പദ്മനാഭ വിരാട്ട് വിഷ്ണുവിലൂടെ നാം എത്തുക.ലോകത്തെ ഏറ്റവും സമ്പന്ന ക്ഷേത്രമായി അവിടം മാറിയത് പൂർവികരുടെ ഈ മഹദ് തത്വോപാസന മൂലമായിരുന്നിരിക്കണം.കാരണം വലിയ ചിന്തകൾ വലിയ ബോധവികാസവും അതിലൂടെ വൻ ജീവിത വിജയവും നേടിത്തരുന്നു. അനന്തന്റെ  ആയിരം ഫണങ്ങൾ കാണിക്കുന്നത്  തന്ത്ര ശാസ്ത്രത്തിലെ  ആധ്യാത്മിക സ്വരൂപത്തിലെ കുണ്ടലിനിയുടെ ഉത്ഥാന പഥത്തിലെ ആയിരം ഇതളുകളുള്ള സഹസ്രാര ചക്രമാണ്.നാഗം കുണ്ടാലിനിയുടെ പ്രതീകമാണ് . വിരാട്ട് ശയനം യോഗനിദ്രയുമാണ് .ലക്ഷ്മിദേവി മഹാ ത്രിപുര സുന്ദരിതന്നെയാണ് .പുരുഷൻ ശിവൻ ത ന്നെയാണ് .ശിവ ശക്തി സംയോഗം മോക്ഷം എന്ന തത്വാർത്ഥം  ഇവിടെ ലഭിക്കുന്നതിനാൽ തന്ത്ര ശാസ്ത്രവും യോഗ ശാസ്ത്രവും വേദാന്തവും ഇവിടെ ഒന്നാകുന്നു.   ചുരുക്കത്തിൽ ഇത് പ്രകാരം സാധന ചെയ്യുന്ന സാധകൻ സഹസ്രാരത്ത്തിലെ അനന്തമായ ഇതളുകളുടെ പുഷ്പിക്കലിലേക്ക്  നയിക്കപ്പെടുന്നു.സ്വയം വിരാട്ട്  എന്ന  പരമാത്മ ബോധത്തെ അറിയുന്നു.

വ്യാഹൃതി പ്രാണായാമ പദ്ധതിയിലെ ലോകങ്ങൾ ഇവയാണ് .നമ്മുടെ ശരീരത്തിന്റെ നാഭിയിൽ ഭൂർ ലോകം തുടങ്ങി മുകളിലേക്ക്  ,ഭുവർ ലോകം ,സ്വർ ലോകം ,മഹർ ലോകം ,ജന ലോകം ,തപോ ലോകം ,സത്യ ലോകം ,ബാക്കി മുകളിലെക്കുള്ള  ലോകങ്ങൾ .ഇതിൽ ശ്വാസത്തെ എടുത്തു കുംഭിച്ചുകൊണ്ട്  പ്രപഞ്ചപുരുഷനായി  തന്നെ കല്പ്പിച്ചു കൊണ്ട് ഓരോ ചക്രങ്ങളുടെ സ്ഥാനത്ത് ഈ ലോകങ്ങളെ കൽപ്പിച്ചു തൊഴുകയ്  മുകളിലേക്ക് ചലിപ്പിച്ചു കൊണ്ട്  ശിരസ്സിനു മുകളിൽ  ഗായത്രി കഴിഞ്ഞു  പത്ത്  അന്ഗുലത്തിൽ  " ആ പോ ജ്യോതിരസോമൃതം ..എന്നും ബ്രമ്മ ഭൂർഭുവസ്വരൊ  എന്നു ജപിക്കുന്നു(സങ്കൽപ്പിക്കുന്നു).ശേഷം പ്രണവം കൊണ്ട് ശ്വാസം വിടുന്നു.ഇവിടെ  പിന്നെയും മുകളിലേക്ക് പത്തു വിരൽക്കട  തള്ളി കൽപ്പിക്കുന്ന  ശേഷ ബ്രഹ്മ ലോകമാണ് "വൃത്യധിഷ്ട ദശാംഗുലം " എന്ന് പറഞ്ഞിരിക്കുന്നത്. അതിനാൽ  ഇത്തരം പ്രായോഗികമായ ശിക്ഷണ രീതികളും  (അവ ദീക്ഷാ പ്രകാരം മാത്രം ആചരിച്ചില്ലെങ്കിൽ കുഴപ്പമാണെന്ന് പറയപ്പെടുന്നു ) .ആത്മബോധപരമായ  സമീപനവും ഇല്ലാതെ  പാശ്ചാത്യരെ പോലെ  വെറും പുസ്തക ജ്ഞാനത്തിലൂടെ വേദത്തെ വായിച്ച , പ്രശസ്തരായ ചില സംസ്കൃത പണ്ഡിതർ അതിന്റെ അന്ത :സത്തയെ കുരുതി കൊടുത്തുകൊണ്ട് ഇപ്പോഴും അന്ധ :വേദ പ്രചരണം നടത്തുന്നത് വേദങ്ങളോടുള്ള ദ്രോഹമാണ്. വേദങ്ങളുടെ അന്ത:സത്തയെ ദർശിച്ച  ഋഷിമാർ വേദാംഗങ്ങൾ ആയി ഉപനിഷത്തുകൾ രചിക്കുകയുണ്ടായി .അവയിലെ തയ്ത്തരീയം, മുണ്ടകൊപനിഷത്ത് പോലുള്ള മിക്ക ഉപനിഷത്തുകളിലും പുരുഷ പ്രജാപതി യജ്ഞ വർണ്ണന കളിലൂടെ  ഈ പുരുഷപദ പ്രാപ്തിക്കുള്ള വഴി തെളിക്കുന്നു. അവരൊക്കെയും യജ്ഞ സമാനമായ ജീവിതത്തെ പ്രകീർത്തിക്കുകയാണ്  ചെയ്യുന്നത്.അതാകട്ടെ അവയെ ജീവിതത്തിൽ പ്രായോഗികമായി എങ്ങനെ അനുഷ്ടിക്കണം എന്ന് ഗീത വിശദമാക്കുന്നു.അപ്പോൾ നമുക്കു ഈ ബന്ധം  കാണാം.----പുരുഷ സൂക്തം (വേദങ്ങൾ )>-------ഉപനിഷത്തുകൾ >-------ഭഗവദ് ഗീത. ശ്രീഭഗവാനുവാച ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം വിവസ്വാന്മനവേ പ്രാഹ മനുരിക്ഷ്വാകവേഽബ്രവീത്
 (1)----------------------------------------------------------------------------- ശ്രീ ഭഗവാന് പറഞ്ഞു: അവ്യയമായ ഈ യോഗത്തെ ഞാന് ആദിത്യന് ഉപദേശിച്ചു. ആദിത്യന് മനുവിനും ഉപദേശിച്ചുകൊടുത്തു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.
ഈ വാക്കുകൾ  വ്യക്തമാക്കുന്നത്  ഗീത എന്നാൽ വേദങ്ങളിലെ ജ്ഞാനം എന്നുതന്നെയാണ് .

അതായത് ഞാൻ നിനക്ക് ഉപദേശിക്കുവാൻ പോകുന്നത് പരമമായ ജ്ഞാനമാണ്.ഗീതയുടെ ശ്ലോകങ്ങൾ ഉണ്ടാവുന്നതിനും മുൻപ് ഉള്ള ജ്ഞാനം.അതായത് വേദങ്ങളിലെ ജ്ഞാനം ..
 പുരുഷ സൂക്തത്തിലെ  ആദ്യത്തെ ശ്ലോകത്തിന്റെ അർഥം തന്നെ ഭഗവദ് ഗീതയിലെ ഏറ്റവും  പ്രധാന രംഗമായ അര്ജുനന്റെ വിരാട് പുരുഷ ദർശനത്തിൽ കാണാൻ സാധിക്കുന്നതാണ്  . വിശ്വരൂപ ദർശന യോഗത്തിലെ 9 ആം ശ്ലോകം മുതൽ 50 ആം ശ്ലോകം വരെയുള്ളത്  പുരുഷ സൂക്തത്ത്തിലെ ആദ്യ ശ്ലോകങ്ങളുടെ വിപുലീകരണം തന്നെയാണ്  എന്ന് മനസ്സിലാക്കാം.
സഞ്ജയ ഉവാച
ഏവമുക്ത്വാ തതോ രാജന്മഹായോഗേശ്വരോ ഹരിഃ
ദര്‍ശയാമാസ പാര്‍ഥായ പരമം രൂപമൈശ്വരം                        (9)

സഞ്ജയന്‍ പറഞ്ഞു: രാജാവേ! ഇപ്രകാരം പറഞ്ഞിട്ട് മഹായോഗേശ്വരനായ ശ്രീകൃ‍ഷ്ണ‍ന്‍ തന്റെ പരമവും ഈശ്വരീയവുമായ രൂപത്തെ അര്‍ജുനന് കാണിച്ചു.

അനേകവക്ത്രനയനമനേകാദ്ഭുതദര്‍ശനം
അനേകദിവ്യാഭരണം ദിവ്യാനേകോദ്യതായുധം                    (10)
ദിവ്യമാല്യാംബരധരം ദിവ്യഗന്ധാനുലേപനം
സര്‍വ്വാശ്ചര്യമയം ദേവമനന്തം വിശ്വതോമുഖം                      (11)

അനേകം മുഖങ്ങളും, കണ്ണുക‌‍ളുമുള്ളതും, അത്ഭുതകരങ്ങളായ അനേക ദൃശ്യങ്ങ‍ളുള്ളതും, ദിവ്യങ്ങളായ അനേകം ആയുധങ്ങ‍ളേന്തിയ കൈകളുള്ളതും, അനേകം ദിവ്യാഭരണങ്ങളും, ദിവ്യമാല്യങ്ങളും, വസ്ത്രങ്ങളും, ദിവ്യസുഗന്ധങ്ങളും അണിഞ്ഞിട്ടുള്ളതും, എല്ലാ പ്രാകരത്തിലും ആശ്ചര്യകരവും, ശോഭനവും, അനന്തവുമായിരിക്കുന്ന തന്റെ വിശ്വരൂപത്തെ കാണിച്ചു.

ദിവി സൂര്യസഹസ്രസ്യ ഭവേദ്യുഗപദുത്ഥിതാ
യദി ഭാഃ സദൃശീ സാ സ്യാദ്ഭാസസ്തസ്യ മഹാത്മനഃ                         (12)

ആയിരം സൂര്യന്മാരുടെ ശോഭ  ഒരുമിച്ച് ആകാശത്തി‌‍ല്‍ ഉദിച്ചാലുണ്ടാകുന്നതിനു സദൃശമായിരുന്നു ആ മഹാത്മാവിന്റെ (വിശ്വരൂപത്തിന്റെ) ദീപ്തി.
തത്രൈകസ്ഥം ജഗത്കൃത്സ്നം പ്രവിഭക്തമനേകധാ
അപശ്യദ്ദേവദേവസ്യ ശരീരേ പാണ്ഡവസ്തദാ                        (13)

അപ്പോ‍‍ള്‍ അര്‍ജുനന്‍ പ്രപഞ്ചം മുഴുവ‍ന്‍, അനേകവിധത്തി‍ലുള്ള വേര്‍തിരിവുകളോടെ, ദേവദേവനായ ശ്രീകൃഷ്ണന്റെ ആ ശരീരത്തി‍‍ല്‍ ഒന്നിച്ചു സ്ഥിതിചെയ്യുന്നത്   കണ്ടു…...തുടരും --SREE..Read more on
http://viratpurushan.blogspot.in/   http://sreedharannamboothiri.blogspot.in/   Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ -

1 comment:

  1. ശ്ലോകങ്ങള്‍ സന്ധി ഭേദിച്ച് എഴുതിയാല്‍ എളുപ്പത്തില്‍ വായിക്കുവാനും മനസ്സിലാക്കുവാനും സാധിക്കും.

    ReplyDelete