Monday, February 22, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -4

ഏതാവാനസ്യ മഹിമാ-
ഽതോ ജ്യായാംശ്ച പൂരുഷഃ
പാദോഽസ്യ വിശ്വാ ഭൂതാനി
ത്രിപാദസ്യാമൃതം ദിവി       3

എതാവാൻ =ഇവിടെ കാണപ്പെടുന്നതെല്ലാം ,അസ്യ =അദ്ദേഹത്തിന്റെ ,മഹിമാ =മഹത്വം ആകുന്നു.പൂരുഷ:=പുരുഷൻ ,അതാ:=ഇതിലും ,ജ്യായാൻ =വലിയവൻ ,ച =ആണ്.വിശ്വാ=എല്ലാ ,ഭൂതാനി=ചരാചരങ്ങളും,അസ്യ =അദ്ദേഹത്തിന്റെ ,പാദ:=നാലിലൊന്ന് (കാല് ) ,ത്രിപാട:=മൂന്നുകാലും.അസ്യ =ഇവന്റെ ,അമൃതം =നാശമില്ലാത്ത ,ദിവി = ദിവ്യപ്രകാശത്തിൽ ( ആകുന്നു).

ഈ കാണപ്പെടുന്നതെല്ലാം പുരുഷന്റെ മഹിമയാണ്,എന്നാൽ പുരുഷൻ ഇതിനെക്കാൾ വലിയവൻ  ആകുന്നു.ഈ ഉണ്ടായതൊക്കെ ഒക്കെ അദ്ദേഹത്തിന്റെ നാലിൽ ഒരുഭാഗം മാത്രമാണ്.ബാക്കി മൂന്നു ഭാഗവും ഈ പുരുഷന്റെ അമൃതമായ  പ്രകാശത്തിൽ കുടികൊള്ളുന്നു.

/////// ഈ കാണപ്പെടുന്നതെല്ലാം പുരുഷന്റെ മഹിമയാണ്,എന്നാൽ പുരുഷൻ ഇതിനെക്കാൾ വലിയവൻ  ആകുന്നു.ഈ ഉണ്ടായതൊക്കെ ഒക്കെ അദ്ദേഹത്തിന്റെ നാലിൽ ഒരുഭാഗം മാത്രമാണ്./////
മനസ്സിന്  ഈശ്വരനെ ഒരിക്കലും അറിയാൻ സാധിക്കില്ല.കാരണം "ദൈവം " എന്ന് കേൾക്കുമ്പോൾ  എന്റെ മനസ്സിലൂടെ ഞാൻ അറിയാൻ ശ്രമിക്കുന്നത് , ഈ ചെറിയ മനസ്സിൽ ഉണ്ടാവുന്ന നാമ രൂപങ്ങളെ,ആശയങ്ങളെ ,ബിംബങ്ങളെ,മുന്നെപഠി ച്ച  തത്വങ്ങളെ ഒക്കെ തൃപ്തിപ്പെടുത്തുന്ന  ഒരു വസ്തുവിനെയാകും.അതാകട്ടെ എന്നിലും ചെറുതും എന്റെ ഭ്രാന്തും ആയിരിക്കും.കാരണം അദ്ദേഹമാണ് എന്റെ സൃഷ്ടാവ്.സൃഷ്ടാവിനെ അറിയാൻ ആ ചെറിയ  സൃഷ്ടിക്കു കഴിയില്ല.എന്നാൽ ആ അഹം എന്ന മുൻവിധിയോടു കൂടിയ മനസ്സിനെ ഒരുവൻ നിരോധിക്കുന്ന നിമിഷംതന്നെ ,അറിയണമെന്നുള്ള മനസ്സിന്റെ സങ്കല്പങ്ങൾ മാറ്റിക്കൊണ്ട്  അറിവില്ലായ്മയുടെ സത്യത്തിൽ വിനീതനായി സ്വയം ലയിച്ചു ചേരുമ്പോൾ യഥാർത്തത്തിൽ ചുറ്റുമുള്ള സൃഷ്ടാവിനെ അവൻ  "അനുഭവിക്കാൻ " തുടങ്ങുന്നു.കാരണം നാമരൂപങ്ങളുടെ ഈ വയ്ശ്വാനര ലോകം വെറും നാലിലൊന്ന് മാത്രമാണ് .ബാക്കി ഏറ്റവും വലിയ മൂന്നു ഭാഗവും മനസ്സിലൂടെ അറിയാൻ കഴിയില്ല.അത് വെളിപ്പെടുന്നത് "നിർമ്മന" ധ്യാനത്തിലൂടെയാണ്.
ബാക്കി മൂന്നു ഭാഗവും ഈ പുരുഷന്റെ അമൃതമായ  പ്രകാശത്തിൽ കുടികൊള്ളുന്നു.///////

നാല് പാദങ്ങളുള്ള പുരുഷൻ  എന്ന  പരമാത്മ ബോധത്തിനെ “ഓംകാരം” എന്നാണു മറ്റൊരു രീതിയിൽ ഋഷിമാർ വിളിച്ചത് .
"സർവം ഹ്യേതത് ബ്രഹ്മായമാത്മാ ബ്രഹ്മസോ ƒ
യമാത്മാ ചതുഷ്പാത്"(മാൺഡൂക്യോപനിഷത്ത് )
ഈ ഞാൻ ആകട്ടെ നാല് പാദങ്ങൾ  ഉള്ളവൻ  ആണ് .
ഓംകാരത്തിന്റെ  നാല് പാദങ്ങൾ  ഏതൊക്കെയാണെന്ന് മാൺഡൂക്യോപനിഷത്ത് വ്യക്തമാക്കുന്നു .
കാണപ്പെടുന്ന കാഴ്ചകൾ ,അനുഭവങ്ങൾ എല്ലാം "ഞാൻ " എന്ന ഒരേയൊരു ബിന്ദുവിനെ അടിസ്ഥാനമാക്കി മാത്രം നിലനിൽക്കുന്നു. ഞാൻ ഇല്ലാത്തപ്പോൾ കാഴ്ച്ചയുമില്ല .ഞാൻ ജാഗ്രത്തിലെ ഈ ലോകത്തിൽ ഉള്ളപ്പോൾ ഇവിടുത്തെ സൃഷ്ടിക്കപെട്ട കാഴ്ച്ചകളിൽ  മയങ്ങി ജീവിക്കുന്നു.ഈ പ്രപഞ്ചത്തിൽ ബോധം നിൽക്കുമ്പോൾ  ഋഷി അതിനെ “വയ്ശ്വാനരൻ” (വിശ്വം മുഴുവൻ നിറഞ്ഞ മനുഷ്യൻ )എന്ന് വിളിച്ചു. ഇതിനെ ഒംകാരത്തിലെ  "അ " കാരം കൊണ്ട് സൂചിപ്പിച്ചു.അടുത്തത് ഞാൻ സ്വപ്നത്തിൽ നിൽക്കുമ്പോൾ അവിടെ സൃഷ്ടിക്കപെട്ട കാഴ്ച്ചകളിൽ  മയങ്ങി ജീവിക്കുന്നു. അവിടെയും ഈ ഞാൻ തന്നെ തികച്ചും തികച്ചും വ്യത്യസ്ഥമായ  ഒരു ലോകത്ത് സുഖ ദുഃഖങ്ങൾ അനുഭവിക്കുന്നു."തയ്ജസൻ " എന്ന് വിളിച്ച അതിനെ "ഉ " കാരം കൊണ്ട് സൂചിപ്പിച്ചു . ആഴത്തിലുള്ള ഉറക്കത്തിൽ കാഴ്ചകൾ ഒന്നുമില്ലാതിരിക്കുംപോഴും "ഞാൻ" എന്നത് നിലനിൽക്കുന്നു, ജീവിക്കുന്നു. അടുത്തത് "മ " എന്ന അക്ഷരം കൊണ്ട് സൂചിപ്പിച്ചിരിക്കുന്ന “പ്രാജ്ഞൻ” എന്ന സുഷുപ്തി സ്ഥാനമാണ്.ആ രീതിയിൽ പ്രപഞ്ചത്തിന്റെ വികാസവും ലയനവും സ്വന്തം കെന്ദ്രബിന്ദുവായ പ്രകാശമാനമായ അവബോധം തന്നെയാണ് എന്നത് സാധകനു വെളിവാകുന്നു.. ഈ അവസ്ഥയെ "നാലാമത്തേത്"അഥവാ തുരീയം എന്ന് വിളിച്ചു.കാരണം അത് പേരിടാൻ കഴിയാത്ത പരബ്രഹ്മ പരമേശ്വരൻ ആകുന്നു. ഇവിടെയാണ് ഒരുകാര്യം ശ്രദ്ധിക്കേണ്ടത് .നമ്മുടെ ബോധം ഉള്ളിലേക്ക് പോയി സുഷുപ്തി സ്ഥാനത്തേക്ക് ചെല്ലുമ്പോൾ ഒക്കെ അളവറ്റ  ശക്തിയും ആനന്ദവും  അനുഭവിക്കുന്നു.നമ്മുടെ ബോധം  എന്നുംഉറക്കത്തിൽ അവിടെ പോയിട്ടാണ്  പിറ്റേദിവസം ജോലി ചെയ്യാൻ ശക്തി ശേഖരിക്കുന്നത്. അവിടെ നമ്മുടെ ബോധത്തെ ഉറക്കത്തിലൂടെ അല്ലാതെ കയറ്റി വിടുവാനാണ് നാം പുരുഷ സൂക്തങ്ങളെയും ഒംകാരത്തെയും ഒക്കെ  ഉപയോഗിക്കുന്നത്.വെറുതെ ഓം എന്ന് നീട്ടി ജപിച്ചുകൊണ്ട് ഇരുന്നാൽ ത്തന്നെ നമ്മുടെ ബോധം ഈ സ്ഥാനങ്ങളിലേക്ക് കയറി പോകുന്നത് ആർക്കും  അനുഭവിക്കാം.വേദങ്ങളുടെയും തന്ത്രത്തിന്റെയും അഷ്ടാംഗയോഗയുടെയും  ഒക്കെ ആഴത്തിലുള്ള രഹസ്യങ്ങൾ ഇതിൽ ഒളിഞ്ഞിരിക്കുന്നു.
ദിനവും രാവിലെ നമ്മുടെ ആ അവബോധ ബ്രഹ്മൻ ഇത്തരത്തിൽ സൃഷ്ടി തുടങ്ങുന്നു .അതായത് പ്രഭാതത്തിൽ നമ്മുടെ ബോധം ആഴത്തിലുള്ള ഉറക്കത്തിൽനിന്നും മുകളിലുള്ള സ്വപ്നലോകത്തിലേക്കും അവിടെനിന്നും ബോധം ഇന്ദ്രിയങ്ങളിലൂടെ പുറത്തുചാടി ഈ കാണുന്ന ജാഗ്രത്ത് പ്രപഞ്ചത്തിലേക്കും വികസിക്കുന്നു..പകൽമുഴുവൻ ഇങ്ങനെ ലോകത്തെ അനുഭവിക്കുന്ന ജീവൻ രാത്രിയിൽ ഇത്തരത്തിൽ തിരികെ ആത്മ ബിന്ദുവിലേക്ക് ചുരുങ്ങുന്നു.ഇതിനിടക്ക് ബോധം കെട്ടാലോ മരിച്ചാലോ ബോധം ഇത്തരത്തിൽ വേഗം ആത്മ ബിന്ദു സ്ഥാനത്ത് (അബോധകരമായി) തിരികെ വരുന്നു.ഇതിനിടയിൽ ഞാൻ " എന്നബോധം സ്വപ്നത്തിൽ നിലകൊള്ളുമ്പോൾ ,സ്വപ്നത്തിലെ കടുവയും അത് ഓടിക്കുന്ന നമ്മളും ഒന്നാണെന്ന് വിവരമുള്ളവർ ആരെങ്കിലും ഉള്ളില്കയറി നമ്മോടു പറഞ്ഞാലും നമുക്കത് വിശ്വസിക്കാൻ കഴിയില്ല.അത്രയ്ക്ക് അത് സത്യമായി കാണപ്പെടും.മാത്രമല്ല ആ പറയുന്നവർക്കായി നാം ഒരു വിഷകൂട്ടു തയാറാകുന്ന തിരക്കിലായിരിക്കും.അതുപോലെതന്നെ ഈ പ്രപഞ്ചമാകുന്ന ജാഗ്രത്ത്തിൽ ബോധം നിലകൊള്ളുമ്പോൾ (ഉണർന്നിരിക്കുമ്പോൾ )
ബോധവാന്മാരായ ഋഷീശ്വരന്മാർ നീയും ഞാനും ഒന്നാണെന്നും ഇതെല്ലാം ശരീരമില്ലാത്ത ഒരു "ഞാൻ "കാണുന്ന സ്വപ്നമാണെന്നും (മായ) നീ ഒരു വലിയ ഉറക്കത്തിലാണെന്നും പറഞ്ഞാൽ അതും നമുക്ക് ഒട്ടുംതന്നെ വിശ്വസിക്കാൻ കഴിയില്ലെന്ന് മാത്രമല്ല പഴഞ്ചന്മാരായ ഭ്രാന്തന്മാരെന്നു മുദ്രകുത്തി അവർക്കായി ഒന്നാന്തരം ഒരു മരകുരിശു തയാറാക്കുകയും ചെയ്യും.

ശ്രീശങ്കരാചാര്യ വിരചിതമായ ഏകശ്ലോകി നോക്കാം .ഒറ്റ ശ്ലോകത്തിൽ സകലവേദാന്ത സാരവും  ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

"കിം ജ്യോതിസ്തവഭാനുമാനഹനി മേ രാത്രൗ പ്രദീപാദികം
സ്യാദേവം രവിദീപദർശനവിധൗ കിം ജ്യോതിരാഖ്യാഹി മേ.
ചക്ഷുസ്തസ്യ നിമീലനാദിസമയേ കിം ധീർധിയോ ദർശനേ
കിം തത്രാഹമതോ ഭവാൻപരമകം ജ്യോതിസ്തദസ്മി പ്രഭോ."
ഗുരു :-"നിനക്ക് എന്താണ് വെളിച്ചം ?"
ശിഷ്യൻ :-"എനിക്ക് പകൽ സൂര്യനും രാത്രിയിൽ ദീപം തുടങ്ങിയവയുമാണ് വെളിച്ചം."
ഗു -"അവയെ കാണുന്ന കാര്യത്തിൽ നിന്റെ വെളിച്ചം എന്താണ്?"
ശി -"കണ്ണ് "
ഗു -"അതടച്ചു കഴിഞ്ഞാലെന്താണ് വെളിച്ചം ?"
ശി -"ബുദ്ധിയാണ് വെളിച്ചം  "
ഗു -'ബുദ്ധിയെ കാണുന്ന കാര്യത്തിൽ എന്താണ് വെളിച്ചം ?"
ശി -"ഞാൻ "
ഗു -"അതുകൊണ്ട് നീ എന്നബോധമാണ് വെളിച്ചങ്ങളുടെ ഒക്കെ വെളിച്ചം "
ശി "പ്രഭോ ,അതങ്ങനെ തന്നെ ".
ഇതിൽ പറഞ്ഞിരിക്കുന്ന ഞാൻ എന്നബോധം കുടികൊള്ളുന്നത്  മുക്കാലും എന്റെ ഉള്ളിൽ  ആണ് .അതിലെ കാൽഭാഗം ബോധം മാത്രം  ഇന്ദ്രിയങ്ങളിലൂടെ പുറത്ത് ചാടി ഈ  പ്രപഞ്ചത്തെ അനുഭവിക്കുന്നു.ഞാൻ ഉണർന്നിരിക്കുന്നത് കൊണ്ടുമാത്രമാണ് ഈ ലോകം അനുഭവിക്കുന്നത് .സയൻസിനു ഈശ്വരനെ കണ്ടെത്താൻ കഴിയാതിരുന്നത് ഈ അൽപ്പ പ്രതിഫലനം മാത്ര മായ പുറം ലോകത്തിലൂടെ അന്വേഷിക്കുന്നത് കൊണ്ട് മാത്രമാണ്.മരണമില്ലായ്മ എന്ന അവസ്ഥയാണ് പ്രകാശമാനമായ തന്റെ ഈ ഉൾഭാഗത്ത് ശ്രധിക്കുന്നവന് ഉള്ളത് .കാരണം ജഡാതീതമായ ഇവിടം  ജനനമില്ലായ്മ എന്ന അവസ്ഥയിൽ നിലകൊള്ളുന്ന, ഊർജത്തെ പോലും സൃഷ്ടിക്കുന്ന പരം പുരുഷന്റെ നിവാസസ്ഥാനമാണ്.
( ഭഗവദ് ഗീത)
വിശ്വരൂപദർശനയോഗം മുഴുവനും(8 മുതൽ 55 ശ്ലോകം വരെ) പറയുന്നത് കൂട്ടിവച്ചാൽ പുരുഷസൂക്തത്ത്തിലെ ആദ്യത്തെ കുറെ  ശ്ലോകങ്ങൾ ആണ് ലഭിക്കുക.ഗീതയിലെ വിശ്വരൂപ വർണ്ണനയിൽ ബ്രഹ്മം എന്നോ ശിവൻ എന്നോ ഒന്നുമല്ല "പുരുഷൻ " എന്ന വാക്ക് തന്നെയാണ് പരമാത്മ ദ്യോതകമായി ആദ്യം ഉപയോഗിച്ചിരിക്കുന്നത്. വിശ്വരൂപത്ത്തിന്റെ മഹനീയത വ്യക്തമാക്കാൻ ഇന്ദ്രൻ,അഗ്നി ,വരുണൻ,യമൻ തുടങ്ങിയ സകല 'വേദകാല'  ദേവതകളെയും ഉപയോഗിച്ചിരിക്കുന്നു.

യദ്യദ്വിഭൂതിമത്സത്ത്വം ശ്രീമദൂര്‍ജിതമേവ വാ തത്തദേവാവഗച്ഛ ത്വം മമ തേജോംഽശസംഭവം (41)

വിഭൂതിയോടുകൂടിയോ, ഐശ്വര്യത്തോടുകൂടിയോ, കരുത്തോടു കൂടിയോ ഉള്ള ഏതെല്ലാം വസ്തുവുണ്ടോ അവയെല്ലാം എന്റെ തേജസ്സിന്റെ അംശത്തില്‍ നിന്നുണ്ടായതുതന്നെയെന്ന് നീ അറിഞ്ഞാലും.

അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാര്ജുനന
വിഷ്ടഭ്യാഹമിദം കൃത്സ്നമേകാംശേന സ്ഥിതോ ജഗത് (42)

അര്ജുനാ! അല്ലെങ്കില്‍ തന്നെ വിസ്തൃതമായ ഇതിനെയെല്ലാം അറിഞ്ഞിട്ട് നിനക്കെന്തു കാര്യം? എന്റെ------ “ഒരംശം കൊണ്ട്”--------- ഈ ജഗത്തിനെ മുഴുവന്‍ താങ്ങിയിട്ട് ഞാന്‍ വര്ത്തിറക്കുന്നു (important)

അഹമാത്മാ ഗുഡാകേശ സര്വ്വഭൂതാശയസ്ഥിതഃ
അഹമാദിശ്ച മധ്യം ച ഭൂതാനാമന്ത ഏവ ച (20)
അര്ജുനാ! ഞാന് സകലഭൂതങ്ങളുടെയും ഹൃദയത്തില് സ്ഥിതി ചെയ്യുന്ന ആത്മാവാണ്.  സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്.
യച്ചാപി സര്വ്വഭൂതാനാം ബീജം തദഹമര്ജുന
ന തദസ്തി വിനാ യത്സ്യാന്മയാ ഭൂതം ചരാചരം (39)
അര്ജുനാ! സകലഭൂതങ്ങളുടേയും ഉല്പത്തികാരണമായത് യാതൊന്നാണോ അത് ഞാനാണ്. എന്നെക്കൂടാതെ ജീവിക്കുവാന് കഴിയുന്നതായി ചരവും അചരവുമായ യാതൊരു വസ്തുവുമില്ല.
ETC.......
..തുടരും --SREE.


No comments:

Post a Comment