Saturday, February 13, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -2

പുരുഷ ഏവേദം സർവം
യദ്ഭൂതം യച്ചഭവ്യം
ഉതാമൃത്വസ്യേശാനോ
യദന്നേനാതിരോഹതി       2

യത് = ഏതൊക്കെ , ഭൂതം =ഉണ്ടായികഴിഞ്ഞത് , യത്ചഎതൊക്കയും ,ഭവ്യം =ഉണ്ടാകാൻ പോകുന്നുവോ ,ഇദം = ഇത് , പുരുഷ:=പുരുഷൻ(ബ്രഹ്മം ),ഏവ =തന്നെയാകുന്നു,ഉത =മാത്രമല്ല  ,അമൃതത്വസ്യ = മരണമില്ലായ്മയുടെ ,ഈശാന = അധിപതിയും ,യത് =യാതൊന്ന് , അന്നേന= അന്നംകൊണ്ട് ,അതിരോഹതി= വളരുന്നുവോ (അതിന്റെ അധിപതിയും പുരുഷനാണ് ).
ഏതൊക്കെ ഉണ്ടായിക്കഴിഞ്ഞുവോ(ഭൂതകാലം ) ,ഏതൊക്കെ ഉണ്ടാവുവാൻ പോകുന്നുവോ (ഭാവികാലം ),ഇപ്പോഴുള്ളതും (വർത്തമാന കാലം ) എല്ലാം പുരുഷൻ ആകുന്നു.മാത്രമല്ല മരണമില്ലായ്മയുടെയും അന്നംകൊണ്ടു വളരുന്ന ജഡ പ്രപഞ്ചത്തിന്റെ അധിപതിയും  പുരുഷൻ  തന്നെയാകുന്നു.
//////////////////ഏതൊക്കെ ഉണ്ടായിക്കഴിഞ്ഞുവോ(ഭൂതകാലം ) ,ഏതൊക്കെ ഉണ്ടാവുവാൻ പോകുന്നുവോ (ഭാവികാലം ),ഇപ്പോഴുള്ളതും (വർത്തമാന കാലം ) എല്ലാം പുരുഷൻ ആകുന്നു.////////////////
പുരുഷൻ കാലാതീതമായി വർത്തിക്കുന്നു എന്ന് ഋഷി പറയുന്നു.ഇതുതന്നെ എല്ലാ വേദാന്തികളും ഉപനിഷത്തുകളും ഒക്കെ പറയുന്നു. ഉദാഹരണം , ഇതുതന്നെ മാണ്ഡൂക്യോപനിഷത്തും പറയുന്നു .
///////////'ഭൂതം ഭവത്ഭവിഷ്യദിതി സർവമോംകാരമേവ
യച്ചാന്യത്ത്രികാലാതീതം തദപ്യോംകാരമേവ"
ഭൂതം=കഴിഞ്ഞത്,ഭവത്=ഭവിക്കുന്നത്,ഇപ്പോൾ നടക്കുന്നത് (വർത്തമാനകാലം )
ഭവിഷ്യത് = വരാൻ പോകുന്നത് (ഭാവി),ഇതി = എന്നുള്ള,സർവ്വം =എല്ലാം
ഓം കാര:ഏവ =ഓംകാരം തന്നെ.////////
         നമുക്ക് ഇതിന്റെ പ്രായോഗിക വശമാണ് അറിയേണ്ടത് . ഭൂതവും ഭാവിയും വർത്തമാനവും എല്ലാം പുരുഷൻ ആണത്രെ.അതെങ്ങനെ സംഭവിക്കുന്നു? ഈ മൂന്നു കാലങ്ങളും വളരെ അകന്നതും ബന്ധമില്ലാത്തതും ആയി കാണപ്പെടുന്നു.എന്നിട്ടും ഇതെങ്ങനെ ഒന്നാവും?വളരെ ശ്രദ്ധയോടെ മനസ്സിലാക്കിയാൽ അതു നമുക്കും തിരിച്ചറിയാം.ഇനി പറയാൻ പോകുന്ന കാര്യങ്ങൾ അറിയുവാൻ അൽപ്പം  കൂടുതൽ സൂക്ഷ്മായ ശ്രദ്ധയെ ആവശ്യപ്പെടുന്നു.
അല്പ്പം മുൻപ് ഇന്റർനെറ്റിൽ  ലോഗിന്ചെയ്യാൻ വേണ്ടി എന്റർ അടിച്ചപ്പോൾ, ടയിപ്പ് ചെയ്തപ്പോൾ ആ കാര്യങ്ങൾ എല്ലാം വർത്തമാനകാലമായിരുന്നു ഇപ്പോൾ ശ്രദ്ധിക്കുന്നതും വർത്തമാനകാലം ഇനി ലോഗ് ഔട്ട് ചെയ്യുമ്പോൾ അതും വർത്തമാനകാലത്തിൽ ആയിരിക്കുംചെയ്യുന്നത് .അങ്ങനെ നമുക്ക് വർത്തമാനകാലം മാത്രമേ ജീവിതത്തിൽ അനുഭവിക്കാൻ കഴിയുകയുള്ളൂ എന്നു തിരിച്ചറിയാൻ കഴിഞ്ഞാൽ  ജീവിതത്തിൽ നമുക്ക് ഭൂതകാലവും ഭാവികാലവും അവയിൽനിന്നുള്ള ചിന്തകളും അസത്യമാണെന്ന് തിരിച്ചറിയാം.
ഭൂതം അവ്യക്തമാണ് ,ഭാവിയും .നമുക്ക് വർത്തമാനംകാലം മാത്രമേ അനുഭവിക്കാൻ കഴിയു.അനുഭവിച്ചു കഴിഞ്ഞ വർത്തമാനത്തിന്റെ റിസൽട്ടിനെ നോക്കുന്നതിനെ ഭൂതമെന്നൊക്കെ സങ്കൽപ്പിക്കാം.പക്ഷെ ഓർക്കുക,-.. ആ നോക്കുന്ന,ചിന്തിക്കുന്ന,ഭൂതകാലത്തിനെ നോക്കുന്ന, സങ്കൽപ്പിക്കുന്ന പ്രക്രിയ വർത്ത മാനകാലത്തിലാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.മറക്കരുത് .സെക്കണ്ട് സൂചിയെ നോക്കിയിരിക്കുക...അത് 6 ഇൽ വരുമ്പോൾ അതുമാത്രമേ നിങ്ങള്ക്ക് ശ്രദ്ധാപൂർവം  നോക്കാൻ കഴിയു.പക്ഷെ നാം ചെയ്യുന്നതെന്താണ്? ഓഫീസിൽ ഇരിക്കുമ്പോൾ വീട്ടിലെക്കാര്യവും വീട്ടിലിരിക്കുമ്പൊൽ ഓഫീസിലെ ക്കാര്യവും,ഭക്ഷണം കഴിക്കുമ്പോൾ എഴുതുന്ന കാര്യവും എഴുതുമ്പോൾ ഭക്ഷണം കഴിക്കുന്ന കാര്യവും ചിന്തിച്ചു ജീവിതം എന്ന വർത്തമാനകാല സത്യത്തെ അവഗണിക്കുന്നു.ഫലം ബി.പി , ഹയ്പ്പർ ടെൻഷൻ etc ....സദാ.. 6 ഇൽ നില്ക്കുകയും 5 നെയും 7 നെയും നോക്കുകയും ചെയ്യുന്നു.7 ഇൽ വരുമ്പോൾ 6 നെയും 8 നെയും നോക്കുന്നു.എ പ്പോഴും നില്ക്കുന്ന സ്ഥലം ചിന്തകളാൽ അവഗണിക്കപ്പെടുന്നതുകൊണ്ടാണ് യേശു പറഞ്ഞത് "എല്ലാവരും പാപം ചെയ്തു",എന്ന്.എല്ലാരും ചെയ്യുന്നു എന്നുകരുതി അപകടം അങ്ങനെ അല്ലാതാകുന്നില്ല.വർത്തമാനത്തിൽനിന്നു ശ്രദ്ധ പോകാതെ, ഒന്നും സങ്കൽപ്പി ക്കുവാൻ .കഴിയില്ല.മനുഷ്യന്റെ എല്ലാ ദുഖങ്ങൾക്കും  കാരണം സത്യത്തോടുള്ള ,വർത്തമാനകാല ത്തോടുള്ള  അവന്റെ അവഗണനയാണ്.നാം ഇല്ലാത്ത ഭൂതഭാവികളിൽ മാത്രം(മനസ്സില്) ജീവിച്ചാൽ മരിച്ചതുപോലുള്ള ജീവിതമാകുംഅത്. മരണം തന്നെയാണത്.വർത്തമാനത്തിൽ വരാതെ ആനന്ദമുണ്ടാവില്ല. ജീവിതം ഉണ്ടാവില്ല .കാരണം അതാണ് ഏക സത്യം.6 ഇൽ വരുമ്പോൾ 6 ഉം ,7 ഇൽ വരുമ്പോൾ 7 ഉം,8 ഇൽ വരുമ്പോൾ 8 ഉം ശ്രദ്ധിക്കുന്ന ഒരു ധ്യാനിക്കുന്നവൻ എല്ലാ ദുഖത്തിൽനിന്നും സ്വതന്ത്രനാകുന്നു.ആ സത്യവുമായുള്ള  ചേർച്ചയിൽ ,"യോഗത്തിൽ "സംതൃപ്തനാകുന്നു . അസത്യ ജീവിതത്തിന്റെ  കർമ്മ ബന്ധങ്ങളിൽ നിന്നും ഒഴിയുന്നു.മുക്തനാകുന്നു.
 ഒരു മരം എന്ന് പറയുമ്പോൾ വേരുകൾ ഭൂതവും, ഫലം ഭാവിയും എന്ന് പറയുന്നു .എന്നാൽ ,ഒരു ഫലം ഭൂതവും ഭാവിയുമായും,അങ്ങനെയും കാണാം.ഫലത്തിൽ നിന്നാണ് മരം ഉണ്ടാകുന്നത് എന്ന്  ഓർക്കുമ്പോൾ ഫലം ഭൂതകാലമായി . നമ്മൾ കാര്യങ്ങൾ അറിയാൻ മാത്രം ,അപ്പോഴത്തെ സ്ഥിതി അറിയാൻ മാത്രം നമ്മുടെ ഇഷ്ടത്തിനു ഭൂതം ഭാവി എന്ന് എടുത്ത് തിരിക്കുന്നു.പക്ഷെ അവ സത്യമല്ല.ഊർജം സഞ്ചരിക്കുന്നത് വര്ത്തമാനകാലത്തിലാണ് .പലരൂപമാറ്റം ഉണ്ടാകുമെന്നെയുള്ളൂ.ചിലർ രൂപങ്ങളെ കാണുന്നു.അവ അസത്യങ്ങളാണ് .കാരണം അവ യാണ് അയതാര്ധ്യമായ ഭൂത ഭാവികളെ മനസ്സിൽ സൃഷ്ടിക്കുന്നത്.
നമ്മുടെ അച്ഛൻ ,ഭാര്യ ഭർത്താവ്, മരിച്ചു എന്നത് ചിന്തിക്കുന്നത് ,വർത്തമാനകാലത്തിൽ അവരിന്നു ഇല്ല എന്ന സത്യം കാണാത്തത് കൊണ്ടാണ്.ഇല്ലായ്മ എന്നത് മിക്കപ്പോഴും വർത്തമാനത്തിന്റെ സത്യമാകുന്നു.അത് കാണാൻ, സ്വീകരിക്കുവാൻ കഴിയാത്തപ്പോഴൊക്കെ നാം ഭൂത ഭാവികളുടെ അസത്യലോകത്തിൽ ദുഖിതരായിരിക്കും.
 ശ്രദ്ധയുള്ളപ്പോൾ നാം വർത്തമാനകാലത്തിൽ നിൽക്കുന്നു.നാം ലളിതമായി നമ്മുടെ ശ്വാസം ശ്രദ്ധിക്കുക.അത് വർത്തമാനകാലത്തിൽ ആണ്.ഭൂതകാലത്തിലോ ഭാവികാലത്തിലോ ശ്വസിക്കാൻ കഴിയുമോ? ഇല്ല.വർത്ത മാനകാലമേ നമുക്ക് അനുഭവിക്കുവാൻ കഴിയു എന്നതിന് അതാണ് തെളിവ്.ഞാൻ  "അനുഭവിച്ചു "--"അനുഭവിച്ച്ചുകൊണ്ടിരിക്കുന്നു"--"അനുഭവിക്കും "- ഇതിൽ സത്യമായി തോന്നുന്ന വാക്ക് ഏതാണ് ?-അനുഭവിച്ചു എന്ന് പറയണമെങ്കിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാഇന്ദ്രിയ സംവേദനങ്ങളെയും മറന്നുകൊണ്ട്  ചിന്തകളിലേക്ക് പോകണം.----."അനുഭവിച്ചു"---- എന്നൊന്ന് പറഞ്ഞുനോക്കു .മനസ്സ് പ്രവർത്തനക്ഷമമായി ചിന്തകളുടെ വേലിയേറ്റം വന്നു അപ്പോഴത്തെ ഇന്ദ്രിയാനുഭവങ്ങളെ,വര്ത്തമാനകാലാനുഭവങ്ങളെ  മറയ്ക്കുന്നത് കാണാം.അതുപോലെയാണ്----- "അനുഭവിക്കും"------ എന്ന് പറയുമ്പോളും.പരീക്ഷിച്ചു നോക്കു .എന്നാൽ നിങ്ങൾ "അനുഭവിച്ച്ചുകൊണ്ടിരിക്കുകയാണ്  " എന്ന് പറഞ്ഞുനോക്കു .അപ്പോൾ നിങ്ങൾ ബോധവാനും സ്വതന്ത്രനുമാകുന്ന മാജിക് അറിയാം .അതാണ് ധ്യാനം എന്ന് പറയുന്നതും.വര്ത്തമാനം അതിലേക്കുള്ള വാതിലാണ്.
 നമ്മുടെ ഇന്ദ്രിയങ്ങളിൽനിന്നുളള അറിവുകള തുടർച്ചയായി ബോധത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത് നാം അറിഞ്ഞുകൊണ്ടിരിക്കുക എന്നതാണ് ജീവിക്കുക എന്നത് അർത്ഥമാക്കുന്നത് .അനുഭവിക്കുക എന്നത് അർത്ഥമാക്കുന്നതും ഇതുതന്നെ  .ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത് വർത്തമാനകാലത്തിൽ ആണ്.ഈ അനുഭവം അഥവാ ജീവിതമാണ് നമ്മെ കാലത്തിനപ്പുറത്തേക്കു കൊണ്ടുപോകുന്നത്.
 മറ്റൊന്ന് ആലോചിക്കാം  .ജീവിതം തുടർച്ചയാണല്ലോ .ഭൂതം -വര്ത്തമാനം-ഭാവി പിന്നെയെന്തുവരും ?----വീണ്ടും "ഭൂതം -വര്ത്തമാനം-/// ഭാവി-------------------ഭൂതം///  -വര്ത്തമാനം-/// ഭാവി --------- " ഇതെങ്ങനെ ശരിയാകും? എങ്ങനെ പ്രായോഗികമായി ബന്ധപ്പെടുത്തും?---/// ഭാവി---------ഭൂതം/// ഇവതമ്മിൽ ചേരുമോ? ശരിയാകുമോ? ഇല്ല. ഇങ്ങനെ ഒരു പ്രവര്ത്തിയും ചെയ്യാൻ കഴിയില്ല.ഭൂതകാലത്തിലോ ഭാവിയിലോ പ്രവർത്തി ചെയ്യാൻ കഴിയുമോ?സംഭവങ്ങൾ സംഭവിക്കുന്നത് എപ്പോഴും വർത്തമാനകാലത്തിലായിരിക്കും .ഇവിടെ ഏറ്റവും ആവര്ത്തിച്ചതും വർത്തമാനകാലമാണ്  .അത് മാത്രമേ സത്യമുള്ളൂ. വർത്ത മാന കാലത്തിൽ നിന്നും ശ്രദ്ധ മാറുമ്പോൾ കാണുന്ന സങ്കല്പ്പ രൂപങ്ങളാണ് ഭൂത ഭാവികൾ. ചിന്തകൾ  ഭൂതമൊ ഭാവിയോ ആണ് .ചിന്തിക്കുമ്പൊളൊക്കെ ഭൂതവും ഭാവിയും വരും.കാരണം ചിന്തകൾ  സങ്കൽപ്പത്തിന്റെ ഭാവിയോ ഭൂതമൊ ആണ്. വർത്തമാന കാലത്തിൽ ചിന്തിക്കാൻ കഴിയില്ല.എപ്പോഴും ചിന്തകളിൽ ജീവിക്കുന്നവർക്കു അത് മാത്രമേ അറിയൂ.അതിനാൽ  അവരുടെ സത്യം ഭൂതവും ഭാവിയും മാത്രമാകും.അവരുടെ മാത്രം സത്യം.

എന്നാൽ ലോകം മുഴുവൻ ചലിക്കുന്നത് വർത്തമാനകാലത്തിലാണ് എന്ന് മറക്കരുത്.നമ്മുടെ ഹൃദയം മിടിക്കുന്നതും ,രക്തം പമ്പ്  ചെയ്യുന്നതും ,നാം ശ്വാസോഛുവാസം ചെയ്യുന്നതും ,കാണുന്നതും കേൾക്കുന്നതും ,നടക്കുന്നതും ,സംസാരിക്കുന്നതും ,അവസാനം മരിക്കുന്നതും എല്ലാമെല്ലാം വർത്തമാനകാലത്തിൽ  മാത്രമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് .
സത്യലോകത്ത് നിൽക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ,ജീവിതം സന്തോഷം നിറഞ്ഞതാക്കുവാൻ, അറിഞ്ഞോ അറിയാതെയോ നാം വർത്തമാനകാലത്തിൽ തുടരുന്ന ധ്യാനം എന്ന അവസ്ഥയിലേക്ക് വന്നെപറ്റു .അപ്പോൾ അവിടെ സത്യമായും വർത്തമാന കാലം മാത്രമേ അനുഭവപ്പെടുന്നുള്ളൂ . ആ ഒരു കാലം മാത്രമേ ഉള്ളു എങ്കിൽ അവിടെ കാലവ്യത്യാസം അറിയിക്കുന്ന "വർത്തമാനം" എന്ന പേരും നമുക്ക് ആവശ്യമില്ല.അതായത് എന്റെ പേര് "ശ്രീ" എന്നായിരിക്കെ, ഈ ലോകത്ത് മനുഷ്യനായി ഞാൻ മാത്രമേ ഉള്ളുവെങ്കിൽ, ആ പേര് തിരിച്ചറിയപ്പെടാനായി അവിടെ പിന്നെ ആവശ്യമില്ല. അതൊരു വിഡ്ഢിത്തരമാകും.  ആ  മൂന്നു കാലവും ഒന്നായിത്തീരുന്ന സമയമില്ലാത്ത അവസ്ഥയാണ് ഈശ്വരൻ അല്ലെങ്കിൽ പരമ പുരുഷൻ എന്ന് ഋഷിമാർ അറിയിക്കുന്നു.അതു മൂന്നുകാലത്തെയും അതിവർത്തിക്കുന്നു.ആ ധ്യാന വർത്തമാനകാല വിരാട്ട് പുരുശോപാസന   നമ്മെ സത്യലോകത്തെക്ക് നയിക്കുന്നു.ആ പ്രകാശത്തിൽ  നാം നമ്മുടെ വഴിയെ വ്യക്തമായി കാണുന്നു.ജീവിതയാത്ര വളരെ എളുപ്പമുള്ളതാകുന്നു, മനോഹരമാകുന്നു.
ഈ അവ്യക്തമായ ഒരിക്കലും നമുക്ക് അനുഭവിക്കാൻ കഴിയാത്ത ഭൂത ഭാവികളെ മനോഹരമായി ഭഗവദ് ഗീത കൂടുതൽ സ്പഷ്ടമായി വരച്ചു കാട്ടുന്നത് കാണാം.അർജുനനെ ഉപദേശിക്കുവാൻ തുടങ്ങുമ്പോൾ ത്തന്നെ കൃഷ്ണൻ മേൽ വിവരിച്ച പുരുഷ സൂക്തത്തിലെ ഭൂതഭാവികളെയും മരണത്തെയും  അമൃതത്വത്തെയും ഒക്കെ സംബന്ധിക്കുന്ന ആശയം കൂടുതൽ വ്യക്തമായി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത് തന്നെ.

അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ                         (28)

 ജീവികള്‍ ജനനത്തിനു മുന്‍പ് അവ്യക്തമായ അവസ്ഥയോട്‌കൂടിയവയാണ്. മദ്ധ്യേയുള്ള ജീവിതകാലം മാത്രം വ്യക്തവുംമരണാനന്തരമുള്ള സ്ഥിതി അവ്യക്തവുമാണ്. ഹേ ഭാരതാ, അതില്‍ എന്തിന് വിലപിക്കണം?ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ എന്റെ പ്രകൃതി എട്ടായി വേര്‍തിരിഞ്ഞിരിക്കുന്നു.
അവ്യക്താദ് വ്യക്തയഃ സര്‍വ്വാഃ പ്രഭവന്ത്യഹരാഗമേ രാത്ര്യാഗമേ പ്രലീയന്തേ തത്രൈവാവ്യക്തസംജ്ഞകേ     (18)

 ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുമ്പോള്‍ അവ്യക്തതയില്‍ നിന്നും എല്ലാ വസ്തുക്കളും ഉത്ഭവിക്കുന്നു. അവയെല്ലാം ബ്രഹ്മാവിന്റെ രാത്രിയുടെ ആരംഭത്തില്‍ ആ മൂലപ്രകൃതിയില്‍ തന്നെ ലയിച്ചുചേരുകയും ചെയ്യുന്നു.

ഭൂതഗ്രാമഃ സ ഏവായം ഭൂത്വാ ഭൂത്വാ പ്രലീയതേ രാത്ര്യാഗമേഽവശഃ പാര്‍ഥ പ്രഭവത്യഹരാഗമേ                         (19)
 ഹേ പാര്‍ത്ഥ! ഈ സര്‍വഭൂതങ്ങളും വീണ്ടും വീണ്ടും ഉണ്ടായി രാത്രിയുടെ ആരംഭത്തില്‍ പ്രകൃതിയില്‍ ലയിക്കയും പരാധീനരായി പ്രഭാതത്തില്‍ വീണ്ടും ഉത്ഭവിക്കയും ചെയ്യുന്നു. 

...തുടരും --SREE.

Read more on
http://viratpurushan.blogspot.in/   http://sreedharannamboothiri.blogspot.in/   Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ 





No comments:

Post a Comment