Friday, February 26, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -6
തസ്മാദ്വിരാഡജായതേ
വിരാജോ അധി പൂരുഷഃ
സ ജാതോ അത്യരിച്യത
പശ്ചാദ് ഭൂമിമഥോ പുരഃ       5

തസ്മാത് =ഇവനിൽനിന്നു(ആദിപുരുഷനിൽനിന്നും ) ,വിരാട് =ബ്രഹ്മാണ്ഡം ,അജായത =ഉണ്ടായി,വിരാജ: =വിരാടിൽനിന്നു ,അധി =പിന്നീടും പ്രകടമായി,  ,പുരുഷ :=പുരുഷൻ  ,സ:=അദ്ദേഹം ,ജാതോ  = ഉണ്ടായിക്കൊണ്ട്  ,അത്യരിച്ച്യത =എല്ലായിടത്തും വ്യാപിച്ചു.പശ്ചാദ്‌ =പിന്നീട് ,ഭൂമിം =ഭൂമിയെ ,അഥ :=അതിനുശേഷം  ,പുര :=ശരീരത്തെ.
ഈ പുരുഷനിൽനിന്നും വിരാട്ട് ബ്രഹ്മാണ്ഡം ഉണ്ടായി .ഈ ബ്രഹ്മാണ്ടത്തിൽപിന്നീടും   പുരുഷൻ പ്രകടമായി.  തുടർന്ന് അദ്ദേഹം വീണ്ടും സൃഷ്ടി വ്യാപിപ്പിച്ചു.പിന്നീട് ഭൂമിയും  അതിനുശേഷം ശരീരവും .


. ഇവിടം മുതൽ സൃഷ്ടിയുടെ രഹസ്യങ്ങൾ വേദങ്ങൾ വെളിവാക്കുന്നത് കാണാം.വ്യക്തമായ ഉദ്ദേശത്തോടെയാണ് ഋഷിമാർ ഇവിടെ സൃഷ്ടി യജ്ഞം പറയുന്നത് പുരുഷ സൂക്തത്തിന്റെ അവസാനം ഇതിനെ വ്യക്തമായി ബന്ധപ്പെടുത്തുവാനാണ്.ഈശ്വരന്റെ ഈ രീതിയിലുള്ള പ്രപഞ്ച യജ്ഞത്തെ അനുകരിച്ചു കൊണ്ട് സ്വകർമ്മം നിർവഹിക്കുന്നവർ ദുഖമില്ലാത്ത ശാശ്വതമായ ആനന്ദത്തെ പ്രാപിക്കുമെന്നു വ്യക്തമായി പിന്നീട് ബന്ധപ്പെടുത്തുന്നു.
"യജ്ഞേന യജ്ഞമയജന്ത ദേവാ.........സാധ്യാഃ സന്തി ദേവാഃ       16" എന്ന ശ്ലോകം ഇത് വ്യക്തമാക്കുന്നു.
അതിനാൽ സൂക്തം പുരുഷൻ  എന്ന അവബോധ ബ്രഹ്മത്തിന്റെ പ്രജാപതിയജ്ഞ ത്തിലൂടെ മുന്നോട്ടു വയ്ക്കുന്നത് ജീവിതം വിജയകരവും മനോഹരവുമാക്കുവാനുള്ള പ്രായോഗികമായ വഴികളുടെ ദൃഷ്ടാന്തം  ആണ്. അത് അറിയുവാൻ  ഗീതയിൽ വിശദമായി ഈ "കർമ്മ യജ്ഞം" ഒരുവൻ അനുഷ്ടിക്കെണ്ടതെങ്ങനെ എന്ന് വിശദമായി പറയുന്ന ഭാഗം നോക്കിയാൽ മാത്രം മതി.കർമ്മയജ്ഞത്തിലൂടെ  അഥവാ കർമ്മയോഗത്തിലൂടെ ഒരുവൻ കൃഷ്ണനെപോലെ,അർജുനനെപൊലെ ഒരേ സമയം ഭൗതികമായും ആത്മീയമായും വിജയിക്കുന്നു.തങ്ങളുടെ കര്മ്മംകൊണ്ട് ഈശ്വരനെ ആരാധിക്കാമെന്നു ലോകത്ത് ആദ്യം പറഞ്ഞത് വേദങ്ങളാണ്.ഇവിടെ ആധ്യാത്മികതയും ഭൗതികതയും ഒന്നുചേരുന്നു.സംശയങ്ങൾക്കെല്ലാം അറുതിവരുന്നു .
ഈ വിരാട്ട് സൃഷ്ടിക്രമം സൂക്ഷ്മമായി പഠിച്ചാൽ നമ്മുടെ ജീവിതത്തിന്റെ ഒരുപാട് ദുരൂഹതകളുടെ ചുരുളുകൾ അഴിയുകയായി.എങ്ങനെ ജീവിതം എളുപ്പവും മനൊഹരവുമാക്കാം എന്ന് അറിയാൻ കഴിയുന്നു.
 ///// ഈ പുരുഷനിൽനിന്നും വിരാട്ട് ബ്രഹ്മാണ്ഡം ഉണ്ടായി .ഈ ബ്രഹ്മാണ്ടത്തിൽപിന്നീടും   പുരുഷൻ പ്രകടമായി.  തുടർന്ന് അദ്ദേഹം വീണ്ടും സൃഷ്ടി വ്യാപിപ്പിച്ചു.പിന്നീട് ഭൂമിയും  അതിനുശേഷം ശരീരവും .////

ഈ സ്രിഷ്ടിക്രമം തുടങ്ങുന്നത് തന്നെ താൻ ഇപ്പോൾ നിലകൊള്ളുന്ന അവസ്ഥയിൽ നിന്നും അൽപ്പംകൂടി മുന്നോട്ടു വളർന്നുകൊണ്ടാണ്.അതായത് ആദ്യംതന്നെ പുരുഷൻ ഇന്നുകാണുന്ന രീതിയിൽ ഒരു ലോകം സൃഷ്ടിക്കാം എന്ന രീതിയിൽ ഉദ്ദേശിച്ചു ഇറങ്ങി പുറപ്പെടുകയായിരുന്നില്ല .അയതാർഥ ത്തിലുള്ള  ഭാവികാലത്തിലുള്ള യാതൊരു ഫലാപെക്ഷയും ഇല്ലാത്ത പൂർണ്ണമായും വർത്തമാനകാലത്തിൽ അതിഷ്ടിതമായ കർമ്മമായിരുന്നു അത്.അതായത് "പിന്നീട് " എന്നർത്ഥം  വരുന്ന വാക്കുകൾ   ഈ ശ്ലോകത്തിൽ മാത്രമല്ല പുരുഷ സൂക്തത്തിൽ മുഴുവൻ ആവർത്തിച്ചു ആവർത്തിച്ചു വരുന്നത് കാണാം.ഓരോ കർമ്മത്തിനു ശേഷവും സ്വാഭാവിക വികാസമാണ് ഉണ്ടാവുന്നത് .പുരുഷൻ -വിരാട്ട് -ഭൂമി-മനുഷ്യൻ .ആദ്യംതന്നെ പുരുഷൻ മനുഷ്യനെ സ്രിഷ്ടിച്ചു കളയാം എന്ന്  കരുതുന്നില്ല.പക്ഷെ നമ്മുടെ കർമ്മങ്ങൾ ഇത്തരത്തിൽ ഉള്ളവയല്ല എന്ന്  അറിയാൻ കഴിയും.നാം സങ്കൽപ്പങ്ങളുടെ ലോകത്താണ്.എല്ലാ പ്രവർത്തിയും നമ്മുടെ സാഹചര്യങ്ങൾക്ക് എതിരായി നാം ചെയ്തുകൊണ്ടിരിക്കുന്നു.നമ്മിൽ മിക്കവരുടെയും എല്ലാ പ്രവർത്തിയും ഇപ്രകാരം സ്വന്തം സാഹചര്യത്തെയും വാസനയേയും കഴിവിനെയും പരിഗണിച്ചുകൊണ്ട്‌ സ്വാഭാവികമായ വളർച്ചയിൽ ഉണ്ടാവുന്നവയല്ല.അവ അത്യാഗ്രഹങ്ങളിലും മാന്ത്രീക സ്വപ്നങ്ങളിലും മാനസീകരോഗജന്യമായ സ്വാർത്ഥ താത്പര്യങ്ങളിൽ നിന്നും ഒക്കെ ഉള്ളവയാണ്.അതുതന്നെയാണ് മനുഷ്യജീവിതം നരകമാക്കുന്നതും കൂടുതൽ പേരെ ഡിപ്രഷൻ  എന്ന അവസ്ഥയിലേക്ക് തള്ളി വിടുന്നതും.എന്നാൽ ഈ വിരാട്ട്  യജ്ഞ ഭാവേന തങ്ങളുടെ കർമ്മങ്ങളെ  അനുഷ്ടിക്കുന്നവൻ സ്വാഭാവികമായി ഒരു ദിനം വിജയിയായി തീരുന്നു.അയാളെ താരതമ്യങ്ങളോ മാനസീക സംഘർഷങ്ങളോ ബാധിക്കുന്നില്ല.അയാൾ സ്വയം വളർന്നുകൊണ്ടേയിരിക്കുന്നു.ഒന്നൊന്നായി നേടിക്കൊണ്ടിരിക്കുന്നു.അത് അയാൾക്ക് കർമ്മ ബന്ധങ്ങൾ സൃഷ്ടിച്ചു നല്കുന്നില്ല.കാരണം നൂറു ശതമാനം പ്രപഞ്ചത്തിന്റെ ഒഴുക്കിനനുസരിച്ചു നീങ്ങുകയാണ് .സൃഷ്ടാവിന്റെ തീരുമാനം അനുസരിച്ചു നീങ്ങുകയാണ്.അപ്പോൾ പ്രപഞ്ചത്തിലെ മറ്റു ശക്തികൾ  കൂടി സ്വധർമ്മം ചെയ്യുന്ന അയാളെ സഹായിക്കുകയും ചെയ്യുന്നു.അപ്രകാരം ക്രമേണ പുരുഷൻ ചെയ്യുന്ന യജ്ഞം പോലെ  അയാൾ യഥാക്രമം  കർമ്മംകൊണ്ട് ഈശ്വരനെ ആരാധിച്ചു ശരീരത്തിൽ ബന്ധനസ്ഥനാകാതെ തന്റെ ആത്മാവിന്റെ ശാശ്വതമായ ആനന്ദ സാമ്രാജ്യം  നേടുന്നു. അയാൾ വിരാട്ട് പ്രകൃതിയെപോലെ   പോലെ എപ്പോഴും പ്രവർത്തിയുടെ ഭാഗമാണ്.പക്ഷെ മറ്റു മിക്കവരും സദാ പ്രവർത്തിക്കായുള്ള തയാറെടുപ്പിന്റെ ഭാഗമാണ് . മറ്റുള്ളവരെ  സദാ ചവുട്ടി സ്റ്റാർട്ട് ആക്കേണ്ടിവരുമ്പോൾ വിരാട്ട് യജ്ഞ ഉപാസകൻ എപ്പോഴും സ്വയം സ്റ്റാർട്ടാകുന്നു .അതുകൊണ്ടുതന്നെ മറ്റു മിക്കവരും സദാ പരാതിയുടെ ഭാഗമാകുന്നതിനാൽ വിരാട്ട് യജ്ഞ ഉപാസകൻ എപ്പോഴും പരിഹാരത്തിന്റെ ഭാഗമാകും.അതുകൊണ്ടൊക്കെത്തന്നെ മറ്റുള്ളവർ മിക്കപ്പോഴും പരാജയത്തിന്റെ യും ദു:ഖത്തിന്റെയും ഫലം നേടുമ്പോൾ വിരാട്ട് യജ്ഞ ഉപാസകൻ മിക്കപ്പോഴും വിജയത്തിന്റെ ആനന്ദത്തിന്റെയും സംതൃപ്തിയുടെയും ഫലം നേടുന്നു.
ഭഗവദ്ഗീത 

മേൽ പറഞ്ഞ യജ്ഞത്തെ നിരവധി ശ്ലോകങ്ങളാൽ വളരെ വിശദമായിത്തന്നെ ഭഗവദ് ഗീത പറയുന്നു.ഒരർഥ ത്തിൽ ഭഗവദ്ഗീത മുഴുവൻ പദമൂന്നിയിരിക്കുന്നത് സ്വ കർമ്മത്തെ  യജ്ഞമാക്കുന്ന വേദത്തിലെ ഈ ഗൂഡവിദ്യയിലാണ് .അർജുനനെ പ്രാപ്തനാക്കുന്നതും ഇത് നിർവഹിക്കുവാനാണ് .അയാൾ പിന്നീട് ചെയ്തു വിജയിച്ചതും ഇതുതന്നെയാണ്  . ചില ഉദാഹരണങ്ങൾ കാണാം 
ദൈവമേവാപരേ യജ്ഞം യോഗിനഃ പര്യുപാസതേ ബ്രഹ്മാഗ്നാവപരേ യജ്ഞം യജ്ഞേനൈവോപജുഹ്വതി  (25)
വേറെചില യോഗികള്‍ ദേവന്മാരെയുദ്ദേശിച്ചുള്ള യജ്ഞമനുഷ്ടിക്കുന്നു. മറ്റുചിലര്‍ ബ്രഹ്മാഗ്നിയില്‍ ആത്മാവുകൊണ്ടു ആത്മാവിനെ സമര്‍പ്പിക്കുന്നു.
ശ്രോത്രാദീനീന്ദ്രിയാണ്യന്യേ സംയമാഗ്നിഷു ജുഹ്വതി ശബ്ദാദീന്വിഷയാനന്യ ഇന്ദ്രിയാഗ്നിഷു ജുഹ്വതി   (26)
 വേറെ ചിലര്‍ ശ്രോത്രാദികളായ ഇന്ദ്രിയങ്ങളെ സംയമരൂപമായ അഗ്നിയില്‍ ഹോമിക്കുന്നു. മറ്റു ചിലര്‍ ശബ്ദാദി വിഷയങ്ങളെ ഇന്ദ്രിയരൂപമായ അഗ്നിയില്‍ ഹോമിക്കുന്നു. 
സര്‍വ്വാണീന്ദ്രിയകര്‍മാണി പ്രാണകര്‍മാണി ചാപരേ ആത്മസംയമയോഗാഗ്നൌ ജുഹ്വതി ജ്ഞാനദീപിതേ   (27)
 വേറെ ചിലര്‍ എല്ലാ ഇന്ദ്രിയകര്‍മങ്ങളെയും പ്രാണക‍ര്‍മ്മങ്ങളെയും ജ്ഞാനദീപിതമായ ആത്മസംയമയോഗാഗ്നിയില്‍ ഹോമിക്കുന്നു.
 
ദ്രവ്യയജ്ഞാസ്തപോയജ്ഞാ യോഗയജ്ഞാസ്തഥാപരേ സ്വാധ്യായജ്ഞാനയജ്ഞാശ്ച യതയഃ സംശിതവ്രതാഃ   (28)
അപ്രകാരം ദ്രവ്യംകൊണ്ടു യജ്ഞം ചെയ്യുന്നവരും തപസ്സിനെ യജ്ഞമായി കരുതുന്നവരും യോഗത്തെ യജ്ഞമാക്കിയവരും വേദാധ്യായനത്തെയും ജ്ഞാനാര്‍ജ്ജനത്തെയും യജ്ഞമായി അനുഷ്ഠിക്കുന്നവരുമായ ദൃഢവൃതരായ മറ്റു യതികളുമുണ്ട്.

അഫലാംക്ഷിഭിര്‍യജ്ഞോ വിധിദൃഷ്ടോ യ ഇജ്യതേ യഷ്ടവ്യമേവേതി മനഃ സമാധായ സ സാത്ത്വികഃ   (11)
ഫലാകാംക്ഷയില്ലാതെ, ശാസ്ത്രവിധിപ്രകാരം യജ്ഞം ചെയ്യപ്പെടേണ്ട താണ് എന്ന ഭാവത്തോടെ മനസ്സിനെ യജ്ഞത്തില്‍ സമാഹിതമാക്കി യജിക്കപ്പെടുന്ന ആ യജ്ഞം സാത്വികമാണ്.

 
അഭിസന്ധായ തു ഫലം ദംഭാര്‍ഥമപി ചൈവ യത് ഇജ്യതേ ഭരതശ്രേഷ്ഠ തം യജ്ഞം വിദ്ധി രാജസം   (12)
ഹേ ഭരതശ്രേഷ്ഠ, ഫലാകാംക്ഷയോടെ ഡംഭോടെ യജിക്കപ്പെടുന്ന യജ്ഞം രാജസമാണ്.
 
വിധിഹീനമസൃഷ്ടാന്നം മന്ത്രഹീനമദക്ഷിണം ശ്രദ്ധാവിരഹിതം യജ്ഞം താമസം പരിചക്ഷതേ     (13)
ശാസ്ത്രവിധിയനുസരിക്കാതെയും, അന്നവും ദക്ഷിണയും കൊടുക്കാതെയും, മന്ത്രഹീനവും, ശ്രദ്ധയില്ലാതെയും ചെയ്യുന്ന യജ്ഞം താമസികമാണ്.   

അന്നാദ്ഭവന്തി ഭൂതാനി പര്‍ജന്യാദന്നസംഭവഃ യജ്ഞാദ്ഭവതി പര്‍ജന്യോ യജ്ഞഃ കര്‍മസമുദ്ഭവഃ   (14)
അന്നത്തില്‍നിന്നു ഭൂതങ്ങള്‍ ഉണ്ടാകുന്നു. മഴയില്‍നിന്നു അന്നവും ഉദ്ഭവിക്കുന്നു. യജ്ഞത്തില്‍ നിന്നു മഴയുണ്ടാകുന്നു. യജ്ഞം ക‍‍‍ര്‍മ്മത്തില്‍നിന്നുണ്ടാകുന്നു

..തുടരും --SREE.



Tuesday, February 23, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -5

ത്രിപാദൂർധ്വ ഉദൈത്പുരുഷഃ
പദോഽസ്യേഹാഭവത് പുനഃ
തതോ വിശ്വങ്വ്യക്രാമത്
സാശനാനശനേ അഭി    

ത്രിപാത്=മൂന്നുപാദം , ഊർധ്വ:-മുകളിൽ ,ഉദൈത് =വിളങ്ങുന്നു,അസ്യ =അദ്ദേഹത്തിന്റെ,പാദ =നാലിലൊന്ന് ,ഇഹ=ഇവിടെ ,പുന:=വീണ്ടും,അഭവാത് =പ്രകടമായി  .തത := പിന്നീട്  ,സാശന ആശനേ =ആഹാരം കഴിക്കുന്നതും അല്ലാത്തതുമായ വസ്തുക്കളിൽ (ജഡ ചേതനനങ്ങളിൽ),വിഷ്വങ്ങ് = സർവത്ര  ,അഭിവ്യക്രമാത് =ഉള്ളിലേക്കിറങ്ങി വ്യാപിച്ചു.
പുരുഷന്റെ മൂന്നു പാദങ്ങളും മുകളിൽ വിളങ്ങുന്നു.അദ്ദേഹത്തിന്റെ നാലിലൊന്ന് ഇവിടെ പ്രകടമായി .പിന്നീട് ജഡ ചേതനനങ്ങളിൽ  സർവത്ര ഉള്ളിലേക്കിറങ്ങി വ്യാപിച്ചു .

മാണ്ടുക്യോപനിഷത്തിൽ  നാം അനുഭവിക്കുന്ന ജാഗ്രദ്,സ്വപ്നം ,സുഷുപ്തി ,തുരീയം എന്നീ ഈശ്വരന്റെ നാലുപാദങ്ങളെ   നാം കണ്ടു.അതിൽ താഴത്തെ പ്രധമപാദമായ  വയ്ശ്വാനരനെ പിന്നീടും  ആദ്യം സ്വപ്നം ,സുഷുപ്തി ,തുരീയം എന്നീ മൂന്നു പാദങ്ങളെയും  ആണ് കൂടുതൽ വ്യക്തമായി ഇവിടെ പറയുന്നത്.
ഇതിൽ സ്വപ്നം ,സുഷുപ്തി ,തുരീയം എന്നീ പാദങ്ങൾ മുകളിൽ  ആണെന്നും പറയുന്നു.ശരീരത്തെ താഴേന്നു യാഥാക്രമം വഹ്നി,സൂര്യ,സോമ  മണ്ഡലങ്ങളായി ആഗമ തന്ത്രവും ,ഭൂർ ,ഭുവ ,സുവ എന്ന് വേദവും മൂന്നു ഖണ്ഡങ്ങളായി തിരിക്കുന്നു .ഈശ്വരനെ അറിയുന്ന യോഗികൾക്ക്  ഇതിൽ മുകളിൽ ഉള്ളഖണ്ടത്തിൽ ആണ്  സ്വപ്നം ,സുഷുപ്തി ,തുരീയം എന്നനിവ  അനുഭവിക്കുവാൻ കഴിയുന്നത്‌.നാം സ്വപ്നം കാണുന്നതുപോലും  ഈ മുകൾ ഭാഗത്താണ് .
ഇവിടെ പ്രകടമായ ഒരു വയ്ശ്വാനര പാദം കൊണ്ടുമാത്രമാണ് പഞ്ചഭൂതങ്ങളാൽ നിർമിതമായിട്ടുള്ള ഈ ലോകത്തിലെ ജഡചേതനങ്ങളിൽ സർവത്ര വ്യാപിച്ചുകൊണ്ട് പരമാത്മബോധം സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നടത്തുന്നത് എന്നറിയുന്ന ബുദ്ധിമാന്മാർക്ക്‌ മാത്രമേ ബാക്കി പാദങ്ങളെ അറിയാനുള്ള കൗതുകം ഉണ്ടാവുകയും തുടർന്ന് അവയെ അറിയാനുള്ള ഭാഗ്യമുണ്ടാവുകയും ഉളളൂ.
ജഡത്തിൽ നിന്നും താനേ ജഡം ഉണ്ടാവില്ല .അതിനു ചയ്തന്യത്തിന്റെ  സഹായം ആവശ്യമാണ്‌.ഊര്ജം ആവശ്യമാണ്‌.പക്ഷെ സ്വന്തം ശരീരത്തിനുള്ളിൽ സഞ്ചരിക്കുന്ന പ്രധാന ഊര്ജഗതികളെ അറിയാൻ ബാഹ്യ ബാഹ്യ ഉപകരണങ്ങൾ വേണ്ടി വരുന്നത് എന്റെ ശരീരത്തെ ഞാൻ മറ്റുള്ളവർ നോക്കുന്നതുപോലെ പുറംലോകത്തെ കണ്ണിലൂടെ നോക്കുന്നത്‌കൊണ്ടാണ് .എന്നാൽ ഇന്ദ്രിയങ്ങളെ അടച്ചുകൊണ്ട്‌ ശ്രദ്ധയെ നാലിൽമൂന്നും നിലകൊള്ളുന്ന അകത്തേക്ക് തിരിക്കുന്നവന് ആ  സത്യം സ്വയംപിടികിട്ടുന്നു,തന്റെ ജീവിതം മുഴുവൻ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ തന്റെ ഉള്ളിൽമാത്രമാണ്.രക്തചംക്രമണവും,ദഹനവും,ശ്വാസ നിയന്ത്രണവും ഇന്ദ്രിയ സംവേദനങ്ങളുടെ പ്രക്രിയയും എല്ലാമെല്ലാം ഉള്ളിൽ മാത്രമാണ് സംഭവിക്കുന്നത്‌.ശ്രദ്ധിക്കുന്ന ബുദ്ധിമാന് ജീവിതം സംഭവിക്കുന്നത്‌ ഉള്ളിലാണ് എന്നുപിടികിട്ടും.പുറത്തെത്  അവയുടെ വെറും പ്രതിഫലനം മാത്രമാണ്.അത് വെറും സിനിമാ പ്രദര്ശനം മാത്രം.അകം മാത്രമേ അപ്പോൾ പ്രധാനമായി ഉണ്ടാവൂ.അപ്പോൾ അകം പുറം എന്ന ആശയങ്ങൾ മണ്ടത്തരമായി കാണപ്പെടും.ശരീരത്തിനു പുറത്ത് ബോധത്തെ സൂക്ഷിക്കുന്നവന് മാത്രമേ അകവും പുറവും മുകളിലും താഴെയും എന്നൊക്കെയുള്ള നിർവച്ചന്നങ്ങൾ ഉള്ളൂ.എന്നാൽ അകത്തു നിലകൊള്ളുന്നവന് അവയെല്ലാം അർത്ഥമില്ലാത്തതായി അനുഭവപ്പെടുന്നു.അപ്പോൾ അയാളുടെ പ്രാമുഖ്യം മറ്റു മനുഷ്യർക്ക് പ്രാമുഖ്യമുള്ള കാര്യങ്ങൾ ആയിരിക്കില്ല.അതുകൊണ്ടുതന്നെ അത്  യഥേഷ്ടം ലഭ്യമായിരിക്കും.(ഉദാ:-ആന്തരീക ആനന്ദം)   .ആ അവനവന്റെ വലിയ ഉൾഭാഗത്തിന്റെ പ്രാധാന്യം അറിയുന്നവൻ ക്രമേണ ബോധത്തോടെതന്നെ ശ്രദ്ധയെ ഉള്ളിലേക്ക് കൊണ്ടുവരുന്നു.അപ്പോൾ  അയാൾ  ആദ്യം അറിയുന്നത് ഈ ജഡലോകത്തെ ചലിപ്പിക്കുന്ന സൂക്ഷ്മമായ ഊർജലോകത്തെ  ആണ് .പിന്നീട് ധ്യാനത്തിലൂടെത്തന്നെ സ്വാഭാവികമായി അയാൾ അതിനെ പിൻപറ്റി ഈ ഊര്ജത്തെയും സൃഷ്ടിച്ചു കാട്ടുന്ന,  അതിലും പ്രധാനപ്പെ ട്ട,മുകളിൽ വിളങ്ങുന്ന മരണമില്ലാത്ത  കാരണ പുരുഷ ലോകത്തെയും പ്രാപിക്കുന്നു.ജീവനുള്ളവയുടെയും അല്ലാത്തവയുടെയും എല്ലാം  കേന്ദ്രമായി തന്നെത്തന്നെ, സ്വയം അനുഭവിക്കുന്നു.സദാ രൂപമാറ്റത്തിനുവിധേയമായ ഊർ ജ ലോകത്തിനെ ആധാരമാക്കിയ താഴത്തെ നശ്വരമായ ജഡ ലോകവും അതിലെ ദുഃഖ ദുരിതങ്ങളും നല്ലൊരു പൊട്ടിച്ചിരിക്ക് വകനൽകുന്നു .

അഷ്ട്രവക്രമുനി ജനകമാഹാരാജാവിനെ വ്യക്തമായി വസ്തുത ഉപദേശിക്കുന്നത് നോക്കാം.

പശ്യ ഭൂതവികാരാംസ്ത്വം ഭൂതമാത്രാൻ യാതാര്തത:
തത്ക്ഷനാത് ബന്ധനിർമുക്ത :സ്വരൂപസ്തോ ഭാവിശ്യസി.7 (അഷ്ടവക്രഗീത ).

ഈ കാണുന്നതെല്ലാം  പഞ്ചഭൂത നിർമ്മിത്മായതിനാൽ ഇവയെല്ലാം യഥാർത്ഥത്തിൽ പഞ്ചഭൂതങ്ങൾ മാത്രമാണ് എന്ന് കണ്ടറിഞ്ഞാൽ തത് ക്ഷണംതന്നെ  നീ ബന്ധനത്തിൽനിന്നും മുകതാനായി സ്വരൂപത്തിൽ പ്രതിഷ്ടിതനായിത്തീരും .


ഭഗവദ് ഗീത
 മുൻപ് പറഞ്ഞ വിഭൂതിയോഗത്തിലെയും വിശ്വരൂപദർശന യോഗത്തിലെയും ശ്ലോകങ്ങൾ ഇതുതന്നെ ദ്യോതിപ്പിക്കുന്നു  .

നാന്തോഽസ്തി മമ ദിവ്യാനാം വിഭൂതീനാം പരന്തപ 
ഏഷ തൂദ്ദേശതഃ പ്രോക്തോ വിഭൂതേര്‍വിസ്തരോ മയാ   (40)
 
അര്‍ജുനാഎന്റെ ദിവ്യങ്ങളായ വിഭൂതികള്‍ക്ക് അന്തമില്ലഎന്റെ വിഭൂതികളെക്കുറിച്ചുള്ള ഈ വിവരണം ഞാ‍‍‍ന്‍ സംക്ഷേപിച്ച് പറഞ്ഞിട്ടുള്ളതാണ്
 
യദ്യദ്വിഭൂതിമത്സത്ത്വം ശ്രീമദൂര്‍ജിതമേവ വാ 
തത്തദേവാവഗച്ഛ ത്വം മമ തേജോംഽശസംഭവം   (41)
 
വിഭൂതിയോടുകൂടിയോഐശ്വര്യത്തോടുകൂടിയോകരുത്തോടു കൂടിയോ ഉള്ള ഏതെല്ലാം വസ്തുവുണ്ടോ അവയെല്ലാം എന്റെ തേജസ്സിന്റെ അംശത്തില്‍ നിന്നുണ്ടായതുതന്നെയെന്ന് നീ അറിഞ്ഞാലും.
 
അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാര്‍ജുന 
വിഷ്ടഭ്യാഹമിദം കൃത്സ്നമേകാംശേന സ്ഥിതോ ജഗത്   (42)
 
അര്‍ജുനാഅല്ലെങ്കില്‍ തന്നെ വിസ്തൃതമായ ഇതിനെയെല്ലാം അറിഞ്ഞിട്ട് നിനക്കെന്തു കാര്യംഎന്റെ ഒരംശം കൊണ്ട് ഈ ജഗത്തിനെ മുഴുവന്‍ താങ്ങിയിട്ട് ഞാന്‍ വര്‍ത്തിക്കുന്നു

മറ്റുചില ശ്ലോകങ്ങൾ .

നാഹം പ്രകാശഃ സര്‍വ്വസ്യ യോഗമായാസമാവൃതഃ മൂഢോഽയം നാഭിജാനാതി ലോകോ മാമജമവ്യയം   (25) യോഗമായയാല്‍ സമാവൃതനായ ഞാന്‍ എല്ലാവര്‍ക്കും പ്രത്യക്ഷനല്ല. ഈ മൂഢമായ ലോകം എന്നെ ജന്മരഹിതനും നാശമറ്റവനുമായി അറിയുന്നില്ല.


നാദത്തേ കസ്യചിത്പാപം ന ചൈവ സുകൃതം വിഭുഃ അജ്ഞാനേനാവൃതം ജ്ഞാനം തേന മുഹ്യന്തി ജന്തവഃ   (15) ഈശ്വരന്‍ ആരുടേയും പാപവും സുകൃതവും സ്വീകരിക്കുന്നില്ല. ജ്ഞാനം അജ്ഞാനത്താല്‍ മറയ്ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ജീവികള്‍ മോഹത്തിലാണ്ടുപോകുന്നു. ജ്ഞാനേന തു തദജ്ഞാനം യേഷാം നാശിതമാത്മനഃ തേഷാമാദിത്യവദ് ജ്ഞാനം പ്രകാശയതി തത്പരം  (16) എന്നാല്‍ ആരുടെ ഈ അജ്ഞാനം ആത്മജ്ഞാനത്താല്‍  നശിപ്പിക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്ക് ആദിത്യന്‍ വസ്തുക്കളെയെന്ന പോലെ ജ്ഞാനം പരമമായ ബ്രഹ്മത്തെ പ്രകാശിപ്പിക്കുന്നു.
യാ നിശാ സര്‍വ്വഭൂതാനാം തസ്യാം ജാഗര്‍തി സംയമീ യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേഃ   (69) യാതൊന്ന് സര്‍വ്വപ്രാണികള്‍ക്കും രാത്രിയായിരിക്കുന്നുവോഅവിടെ (ആ ബ്രഹ്മത്തില്‍) ജിതേന്ദ്രിയന്‍ ഉണര്‍ന്നിരിക്കുന്നു. ഏതൊരു വിഷയാനുഭവത്തില്‍ സര്‍വ്വപ്രാണികളും ഉണര്‍ന്നിരി ക്കുന്നുവോ അത് സത്യദ‍ര്‍ശിയായ മുനിക്ക്‌ രാത്രിയാകുന്നു.

..തുടരും --SREE.


Monday, February 22, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -4

ഏതാവാനസ്യ മഹിമാ-
ഽതോ ജ്യായാംശ്ച പൂരുഷഃ
പാദോഽസ്യ വിശ്വാ ഭൂതാനി
ത്രിപാദസ്യാമൃതം ദിവി       3

എതാവാൻ =ഇവിടെ കാണപ്പെടുന്നതെല്ലാം ,അസ്യ =അദ്ദേഹത്തിന്റെ ,മഹിമാ =മഹത്വം ആകുന്നു.പൂരുഷ:=പുരുഷൻ ,അതാ:=ഇതിലും ,ജ്യായാൻ =വലിയവൻ ,ച =ആണ്.വിശ്വാ=എല്ലാ ,ഭൂതാനി=ചരാചരങ്ങളും,അസ്യ =അദ്ദേഹത്തിന്റെ ,പാദ:=നാലിലൊന്ന് (കാല് ) ,ത്രിപാട:=മൂന്നുകാലും.അസ്യ =ഇവന്റെ ,അമൃതം =നാശമില്ലാത്ത ,ദിവി = ദിവ്യപ്രകാശത്തിൽ ( ആകുന്നു).

ഈ കാണപ്പെടുന്നതെല്ലാം പുരുഷന്റെ മഹിമയാണ്,എന്നാൽ പുരുഷൻ ഇതിനെക്കാൾ വലിയവൻ  ആകുന്നു.ഈ ഉണ്ടായതൊക്കെ ഒക്കെ അദ്ദേഹത്തിന്റെ നാലിൽ ഒരുഭാഗം മാത്രമാണ്.ബാക്കി മൂന്നു ഭാഗവും ഈ പുരുഷന്റെ അമൃതമായ  പ്രകാശത്തിൽ കുടികൊള്ളുന്നു.

/////// ഈ കാണപ്പെടുന്നതെല്ലാം പുരുഷന്റെ മഹിമയാണ്,എന്നാൽ പുരുഷൻ ഇതിനെക്കാൾ വലിയവൻ  ആകുന്നു.ഈ ഉണ്ടായതൊക്കെ ഒക്കെ അദ്ദേഹത്തിന്റെ നാലിൽ ഒരുഭാഗം മാത്രമാണ്./////
മനസ്സിന്  ഈശ്വരനെ ഒരിക്കലും അറിയാൻ സാധിക്കില്ല.കാരണം "ദൈവം " എന്ന് കേൾക്കുമ്പോൾ  എന്റെ മനസ്സിലൂടെ ഞാൻ അറിയാൻ ശ്രമിക്കുന്നത് , ഈ ചെറിയ മനസ്സിൽ ഉണ്ടാവുന്ന നാമ രൂപങ്ങളെ,ആശയങ്ങളെ ,ബിംബങ്ങളെ,മുന്നെപഠി ച്ച  തത്വങ്ങളെ ഒക്കെ തൃപ്തിപ്പെടുത്തുന്ന  ഒരു വസ്തുവിനെയാകും.അതാകട്ടെ എന്നിലും ചെറുതും എന്റെ ഭ്രാന്തും ആയിരിക്കും.കാരണം അദ്ദേഹമാണ് എന്റെ സൃഷ്ടാവ്.സൃഷ്ടാവിനെ അറിയാൻ ആ ചെറിയ  സൃഷ്ടിക്കു കഴിയില്ല.എന്നാൽ ആ അഹം എന്ന മുൻവിധിയോടു കൂടിയ മനസ്സിനെ ഒരുവൻ നിരോധിക്കുന്ന നിമിഷംതന്നെ ,അറിയണമെന്നുള്ള മനസ്സിന്റെ സങ്കല്പങ്ങൾ മാറ്റിക്കൊണ്ട്  അറിവില്ലായ്മയുടെ സത്യത്തിൽ വിനീതനായി സ്വയം ലയിച്ചു ചേരുമ്പോൾ യഥാർത്തത്തിൽ ചുറ്റുമുള്ള സൃഷ്ടാവിനെ അവൻ  "അനുഭവിക്കാൻ " തുടങ്ങുന്നു.കാരണം നാമരൂപങ്ങളുടെ ഈ വയ്ശ്വാനര ലോകം വെറും നാലിലൊന്ന് മാത്രമാണ് .ബാക്കി ഏറ്റവും വലിയ മൂന്നു ഭാഗവും മനസ്സിലൂടെ അറിയാൻ കഴിയില്ല.അത് വെളിപ്പെടുന്നത് "നിർമ്മന" ധ്യാനത്തിലൂടെയാണ്.
ബാക്കി മൂന്നു ഭാഗവും ഈ പുരുഷന്റെ അമൃതമായ  പ്രകാശത്തിൽ കുടികൊള്ളുന്നു.///////

നാല് പാദങ്ങളുള്ള പുരുഷൻ  എന്ന  പരമാത്മ ബോധത്തിനെ “ഓംകാരം” എന്നാണു മറ്റൊരു രീതിയിൽ ഋഷിമാർ വിളിച്ചത് .
"സർവം ഹ്യേതത് ബ്രഹ്മായമാത്മാ ബ്രഹ്മസോ ƒ
യമാത്മാ ചതുഷ്പാത്"(മാൺഡൂക്യോപനിഷത്ത് )
ഈ ഞാൻ ആകട്ടെ നാല് പാദങ്ങൾ  ഉള്ളവൻ  ആണ് .
ഓംകാരത്തിന്റെ  നാല് പാദങ്ങൾ  ഏതൊക്കെയാണെന്ന് മാൺഡൂക്യോപനിഷത്ത് വ്യക്തമാക്കുന്നു .
കാണപ്പെടുന്ന കാഴ്ചകൾ ,അനുഭവങ്ങൾ എല്ലാം "ഞാൻ " എന്ന ഒരേയൊരു ബിന്ദുവിനെ അടിസ്ഥാനമാക്കി മാത്രം നിലനിൽക്കുന്നു. ഞാൻ ഇല്ലാത്തപ്പോൾ കാഴ്ച്ചയുമില്ല .ഞാൻ ജാഗ്രത്തിലെ ഈ ലോകത്തിൽ ഉള്ളപ്പോൾ ഇവിടുത്തെ സൃഷ്ടിക്കപെട്ട കാഴ്ച്ചകളിൽ  മയങ്ങി ജീവിക്കുന്നു.ഈ പ്രപഞ്ചത്തിൽ ബോധം നിൽക്കുമ്പോൾ  ഋഷി അതിനെ “വയ്ശ്വാനരൻ” (വിശ്വം മുഴുവൻ നിറഞ്ഞ മനുഷ്യൻ )എന്ന് വിളിച്ചു. ഇതിനെ ഒംകാരത്തിലെ  "അ " കാരം കൊണ്ട് സൂചിപ്പിച്ചു.അടുത്തത് ഞാൻ സ്വപ്നത്തിൽ നിൽക്കുമ്പോൾ അവിടെ സൃഷ്ടിക്കപെട്ട കാഴ്ച്ചകളിൽ  മയങ്ങി ജീവിക്കുന്നു. അവിടെയും ഈ ഞാൻ തന്നെ തികച്ചും തികച്ചും വ്യത്യസ്ഥമായ  ഒരു ലോകത്ത് സുഖ ദുഃഖങ്ങൾ അനുഭവിക്കുന്നു."തയ്ജസൻ " എന്ന് വിളിച്ച അതിനെ "ഉ " കാരം കൊണ്ട് സൂചിപ്പിച്ചു . ആഴത്തിലുള്ള ഉറക്കത്തിൽ കാഴ്ചകൾ ഒന്നുമില്ലാതിരിക്കുംപോഴും "ഞാൻ" എന്നത് നിലനിൽക്കുന്നു, ജീവിക്കുന്നു. അടുത്തത് "മ " എന്ന അക്ഷരം കൊണ്ട് സൂചിപ്പിച്ചിരിക്കുന്ന “പ്രാജ്ഞൻ” എന്ന സുഷുപ്തി സ്ഥാനമാണ്.ആ രീതിയിൽ പ്രപഞ്ചത്തിന്റെ വികാസവും ലയനവും സ്വന്തം കെന്ദ്രബിന്ദുവായ പ്രകാശമാനമായ അവബോധം തന്നെയാണ് എന്നത് സാധകനു വെളിവാകുന്നു.. ഈ അവസ്ഥയെ "നാലാമത്തേത്"അഥവാ തുരീയം എന്ന് വിളിച്ചു.കാരണം അത് പേരിടാൻ കഴിയാത്ത പരബ്രഹ്മ പരമേശ്വരൻ ആകുന്നു. ഇവിടെയാണ് ഒരുകാര്യം ശ്രദ്ധിക്കേണ്ടത് .നമ്മുടെ ബോധം ഉള്ളിലേക്ക് പോയി സുഷുപ്തി സ്ഥാനത്തേക്ക് ചെല്ലുമ്പോൾ ഒക്കെ അളവറ്റ  ശക്തിയും ആനന്ദവും  അനുഭവിക്കുന്നു.നമ്മുടെ ബോധം  എന്നുംഉറക്കത്തിൽ അവിടെ പോയിട്ടാണ്  പിറ്റേദിവസം ജോലി ചെയ്യാൻ ശക്തി ശേഖരിക്കുന്നത്. അവിടെ നമ്മുടെ ബോധത്തെ ഉറക്കത്തിലൂടെ അല്ലാതെ കയറ്റി വിടുവാനാണ് നാം പുരുഷ സൂക്തങ്ങളെയും ഒംകാരത്തെയും ഒക്കെ  ഉപയോഗിക്കുന്നത്.വെറുതെ ഓം എന്ന് നീട്ടി ജപിച്ചുകൊണ്ട് ഇരുന്നാൽ ത്തന്നെ നമ്മുടെ ബോധം ഈ സ്ഥാനങ്ങളിലേക്ക് കയറി പോകുന്നത് ആർക്കും  അനുഭവിക്കാം.വേദങ്ങളുടെയും തന്ത്രത്തിന്റെയും അഷ്ടാംഗയോഗയുടെയും  ഒക്കെ ആഴത്തിലുള്ള രഹസ്യങ്ങൾ ഇതിൽ ഒളിഞ്ഞിരിക്കുന്നു.
ദിനവും രാവിലെ നമ്മുടെ ആ അവബോധ ബ്രഹ്മൻ ഇത്തരത്തിൽ സൃഷ്ടി തുടങ്ങുന്നു .അതായത് പ്രഭാതത്തിൽ നമ്മുടെ ബോധം ആഴത്തിലുള്ള ഉറക്കത്തിൽനിന്നും മുകളിലുള്ള സ്വപ്നലോകത്തിലേക്കും അവിടെനിന്നും ബോധം ഇന്ദ്രിയങ്ങളിലൂടെ പുറത്തുചാടി ഈ കാണുന്ന ജാഗ്രത്ത് പ്രപഞ്ചത്തിലേക്കും വികസിക്കുന്നു..പകൽമുഴുവൻ ഇങ്ങനെ ലോകത്തെ അനുഭവിക്കുന്ന ജീവൻ രാത്രിയിൽ ഇത്തരത്തിൽ തിരികെ ആത്മ ബിന്ദുവിലേക്ക് ചുരുങ്ങുന്നു.ഇതിനിടക്ക് ബോധം കെട്ടാലോ മരിച്ചാലോ ബോധം ഇത്തരത്തിൽ വേഗം ആത്മ ബിന്ദു സ്ഥാനത്ത് (അബോധകരമായി) തിരികെ വരുന്നു.ഇതിനിടയിൽ ഞാൻ " എന്നബോധം സ്വപ്നത്തിൽ നിലകൊള്ളുമ്പോൾ ,സ്വപ്നത്തിലെ കടുവയും അത് ഓടിക്കുന്ന നമ്മളും ഒന്നാണെന്ന് വിവരമുള്ളവർ ആരെങ്കിലും ഉള്ളില്കയറി നമ്മോടു പറഞ്ഞാലും നമുക്കത് വിശ്വസിക്കാൻ കഴിയില്ല.അത്രയ്ക്ക് അത് സത്യമായി കാണപ്പെടും.മാത്രമല്ല ആ പറയുന്നവർക്കായി നാം ഒരു വിഷകൂട്ടു തയാറാകുന്ന തിരക്കിലായിരിക്കും.അതുപോലെതന്നെ ഈ പ്രപഞ്ചമാകുന്ന ജാഗ്രത്ത്തിൽ ബോധം നിലകൊള്ളുമ്പോൾ (ഉണർന്നിരിക്കുമ്പോൾ )
ബോധവാന്മാരായ ഋഷീശ്വരന്മാർ നീയും ഞാനും ഒന്നാണെന്നും ഇതെല്ലാം ശരീരമില്ലാത്ത ഒരു "ഞാൻ "കാണുന്ന സ്വപ്നമാണെന്നും (മായ) നീ ഒരു വലിയ ഉറക്കത്തിലാണെന്നും പറഞ്ഞാൽ അതും നമുക്ക് ഒട്ടുംതന്നെ വിശ്വസിക്കാൻ കഴിയില്ലെന്ന് മാത്രമല്ല പഴഞ്ചന്മാരായ ഭ്രാന്തന്മാരെന്നു മുദ്രകുത്തി അവർക്കായി ഒന്നാന്തരം ഒരു മരകുരിശു തയാറാക്കുകയും ചെയ്യും.

ശ്രീശങ്കരാചാര്യ വിരചിതമായ ഏകശ്ലോകി നോക്കാം .ഒറ്റ ശ്ലോകത്തിൽ സകലവേദാന്ത സാരവും  ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

"കിം ജ്യോതിസ്തവഭാനുമാനഹനി മേ രാത്രൗ പ്രദീപാദികം
സ്യാദേവം രവിദീപദർശനവിധൗ കിം ജ്യോതിരാഖ്യാഹി മേ.
ചക്ഷുസ്തസ്യ നിമീലനാദിസമയേ കിം ധീർധിയോ ദർശനേ
കിം തത്രാഹമതോ ഭവാൻപരമകം ജ്യോതിസ്തദസ്മി പ്രഭോ."
ഗുരു :-"നിനക്ക് എന്താണ് വെളിച്ചം ?"
ശിഷ്യൻ :-"എനിക്ക് പകൽ സൂര്യനും രാത്രിയിൽ ദീപം തുടങ്ങിയവയുമാണ് വെളിച്ചം."
ഗു -"അവയെ കാണുന്ന കാര്യത്തിൽ നിന്റെ വെളിച്ചം എന്താണ്?"
ശി -"കണ്ണ് "
ഗു -"അതടച്ചു കഴിഞ്ഞാലെന്താണ് വെളിച്ചം ?"
ശി -"ബുദ്ധിയാണ് വെളിച്ചം  "
ഗു -'ബുദ്ധിയെ കാണുന്ന കാര്യത്തിൽ എന്താണ് വെളിച്ചം ?"
ശി -"ഞാൻ "
ഗു -"അതുകൊണ്ട് നീ എന്നബോധമാണ് വെളിച്ചങ്ങളുടെ ഒക്കെ വെളിച്ചം "
ശി "പ്രഭോ ,അതങ്ങനെ തന്നെ ".
ഇതിൽ പറഞ്ഞിരിക്കുന്ന ഞാൻ എന്നബോധം കുടികൊള്ളുന്നത്  മുക്കാലും എന്റെ ഉള്ളിൽ  ആണ് .അതിലെ കാൽഭാഗം ബോധം മാത്രം  ഇന്ദ്രിയങ്ങളിലൂടെ പുറത്ത് ചാടി ഈ  പ്രപഞ്ചത്തെ അനുഭവിക്കുന്നു.ഞാൻ ഉണർന്നിരിക്കുന്നത് കൊണ്ടുമാത്രമാണ് ഈ ലോകം അനുഭവിക്കുന്നത് .സയൻസിനു ഈശ്വരനെ കണ്ടെത്താൻ കഴിയാതിരുന്നത് ഈ അൽപ്പ പ്രതിഫലനം മാത്ര മായ പുറം ലോകത്തിലൂടെ അന്വേഷിക്കുന്നത് കൊണ്ട് മാത്രമാണ്.മരണമില്ലായ്മ എന്ന അവസ്ഥയാണ് പ്രകാശമാനമായ തന്റെ ഈ ഉൾഭാഗത്ത് ശ്രധിക്കുന്നവന് ഉള്ളത് .കാരണം ജഡാതീതമായ ഇവിടം  ജനനമില്ലായ്മ എന്ന അവസ്ഥയിൽ നിലകൊള്ളുന്ന, ഊർജത്തെ പോലും സൃഷ്ടിക്കുന്ന പരം പുരുഷന്റെ നിവാസസ്ഥാനമാണ്.
( ഭഗവദ് ഗീത)
വിശ്വരൂപദർശനയോഗം മുഴുവനും(8 മുതൽ 55 ശ്ലോകം വരെ) പറയുന്നത് കൂട്ടിവച്ചാൽ പുരുഷസൂക്തത്ത്തിലെ ആദ്യത്തെ കുറെ  ശ്ലോകങ്ങൾ ആണ് ലഭിക്കുക.ഗീതയിലെ വിശ്വരൂപ വർണ്ണനയിൽ ബ്രഹ്മം എന്നോ ശിവൻ എന്നോ ഒന്നുമല്ല "പുരുഷൻ " എന്ന വാക്ക് തന്നെയാണ് പരമാത്മ ദ്യോതകമായി ആദ്യം ഉപയോഗിച്ചിരിക്കുന്നത്. വിശ്വരൂപത്ത്തിന്റെ മഹനീയത വ്യക്തമാക്കാൻ ഇന്ദ്രൻ,അഗ്നി ,വരുണൻ,യമൻ തുടങ്ങിയ സകല 'വേദകാല'  ദേവതകളെയും ഉപയോഗിച്ചിരിക്കുന്നു.

യദ്യദ്വിഭൂതിമത്സത്ത്വം ശ്രീമദൂര്‍ജിതമേവ വാ തത്തദേവാവഗച്ഛ ത്വം മമ തേജോംഽശസംഭവം (41)

വിഭൂതിയോടുകൂടിയോ, ഐശ്വര്യത്തോടുകൂടിയോ, കരുത്തോടു കൂടിയോ ഉള്ള ഏതെല്ലാം വസ്തുവുണ്ടോ അവയെല്ലാം എന്റെ തേജസ്സിന്റെ അംശത്തില്‍ നിന്നുണ്ടായതുതന്നെയെന്ന് നീ അറിഞ്ഞാലും.

അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാര്ജുനന
വിഷ്ടഭ്യാഹമിദം കൃത്സ്നമേകാംശേന സ്ഥിതോ ജഗത് (42)

അര്ജുനാ! അല്ലെങ്കില്‍ തന്നെ വിസ്തൃതമായ ഇതിനെയെല്ലാം അറിഞ്ഞിട്ട് നിനക്കെന്തു കാര്യം? എന്റെ------ “ഒരംശം കൊണ്ട്”--------- ഈ ജഗത്തിനെ മുഴുവന്‍ താങ്ങിയിട്ട് ഞാന്‍ വര്ത്തിറക്കുന്നു (important)

അഹമാത്മാ ഗുഡാകേശ സര്വ്വഭൂതാശയസ്ഥിതഃ
അഹമാദിശ്ച മധ്യം ച ഭൂതാനാമന്ത ഏവ ച (20)
അര്ജുനാ! ഞാന് സകലഭൂതങ്ങളുടെയും ഹൃദയത്തില് സ്ഥിതി ചെയ്യുന്ന ആത്മാവാണ്.  സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്.
യച്ചാപി സര്വ്വഭൂതാനാം ബീജം തദഹമര്ജുന
ന തദസ്തി വിനാ യത്സ്യാന്മയാ ഭൂതം ചരാചരം (39)
അര്ജുനാ! സകലഭൂതങ്ങളുടേയും ഉല്പത്തികാരണമായത് യാതൊന്നാണോ അത് ഞാനാണ്. എന്നെക്കൂടാതെ ജീവിക്കുവാന് കഴിയുന്നതായി ചരവും അചരവുമായ യാതൊരു വസ്തുവുമില്ല.
ETC.......
..തുടരും --SREE.


Wednesday, February 17, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -3

തുടർച്ച .....

ഉതാമൃത്വസ്യേശാനോ
യദന്നേനാതിരോഹതി       2


////////മാത്രമല്ല മരണമില്ലായ്മയുടെയും അന്നംകൊണ്ടു വളരുന്ന ഈ ജഡ പ്രപഞ്ചത്തിന്റെ അധിപതിയും  പുരുഷൻ  തന്നെയാകുന്നു.///////

മരണമില്ലായ്മ എങ്ങനെ അറിയാൻ സാധിക്കും?
വിഷയ ബന്ധത്താൽ  അന്ധ:നായ  ധൃതരാഷ്ട്രരെ ബോധവാനാക്കാൻ വിദുരർ കൗരവ രാജ സദസ്സിലേക്ക്  ഭഗവാൻ സനത് സുജാതീയ മഹർഷിയെ ക്ഷണിച്ചു .

ധൃതരാഷ്ട്രർ :-"ഹേ  സനത് സുജാത,മൃത്യു ഇല്ലെന്നു അങ്ങ് ഉപദേശിച്ചതായിഞാൻ കേട്ടിട്ടുണ്ട് .എങ്കിൽ ദേവാസുരന്മാർ അമരത്വത്തിനു ബ്രഹ്മചര്യം അനുഷ്ടിച്ച്ചത് കേട്ടത് ശ്രുതിയിൽ (ഛആ ന്ദൊക്യോപനിഷത്ത് ) ശരിയോ ?"

സനത്സുജാതൻ :-"ഹേ  രാജൻ ,ഞാൻ പറയുന്നു പ്രമാദം (തെറ്റിദ്ധാരണ)മാത്രമാണ് മൃത്യു.അമൃതത്വം അപ്രമാദവും .മരണം കടുവയെ പോലെ നമ്മെ ഭക്ഷിക്കുന്നില്ല.മാത്രമല്ല അതിനു രൂപവും കാണപ്പെടുന്നില്ല.അതുകൊണ്ട് മരണം ഇല്ല!അതുപോലെ തന്റെ ആത്മാവിൽ ആർക്കാണോ രതി ഉള്ളത് അവൻ സുരൻ  എന്നും അതിൽനിന്നും  വ്യതിചലിച്ച് ശരീരത്തിൽ രമിക്കുന്നവൻ  "അസുരൻ " എന്നും ശ്രുതി പറയുന്നു.ഈ പ്രധാന നിയമത്തെ അജ്ഞാനം മൂലം അതിലംഘിച്ചവർ ആണ് പക്ഷികൾ, വനവൃക്ഷങ്ങൾ ,സർപ്പങ്ങൾ ,മറ്റു ജീവികൾ എന്ന് ബഹ്രുച ബ്രഹ്മണോ പനിഷത്ത്  പറയുന്നു." .

ഈ ശരീരത്തെ നിലനിർത്തുന്ന ഉള്ളിലെ ചയ്തന്യബോധത്തെ അറിയാതെ ഉണ്ടാകുന്ന 'ഞാൻ ശരീരം ആണ് 'എന്ന  തെറ്റിധാരണ മാത്രമാണ് മരണം എന്ന് ഇവിടെ പറയുന്നു.നമ്മുടെ മുന്നിൽ  മരിച്ചു കിടക്കുന്ന സുഹൃത്തിനെ കണ്ടാലും നാം മരിക്കില്ല എന്ന് തന്നെ ഉള്ളിൽ  സത്യസന്ധമായി മന്ത്രിക്കുന്ന ബോധം .ചെറുപ്പം മുതൽ ആ "ഞാൻ" എന്നതിന് ഒരേ വലുപ്പം ആയിരുന്നു .പുലി ഓടിക്കുന്ന മാനിലും ഒരു ബുദ്ധിമതിയായ കാക്കയിലും മറ്റ് എല്ലാ ജീവികളിലും ഈ  ഞാൻ എന്ന ബോധം ഒരുപോലെ തന്നെ കാണപ്പെടുന്നു.പക്ഷെ ഞാൻ എന്നെ നോക്കുന്നത് എന്റെ മനസ്സാകുന്ന നിങ്ങളുടെ കണ്ണുകളിലൂടെ പുറത്ത് നിന്ന് ആണെന്ന് മാത്രം.അപ്പൊ ഈ കണ്ണുകളാൽ "കാണുന്ന" ശരീരം വിഘടിക്കപെടുമ്പോൾ എന്റെ മരണം നിങ്ങളുടെ കാഴ്ചയിൽ ഉള്ള സത്യമായി ഞാൻ ഗ്രഹിക്കുന്നു .പക്ഷെ എപ്പോഴാണോ ഞാൻ നിങ്ങളുടെ വീക്ഷണകോണിൽ നിന്നും മാറി  കണ്ണുകൾ അടച്ച്  (ഇന്ദ്രിയ നിഗ്രഹണം ) ,എന്റെ  മനസ്സിനെ ഉപയോഗിക്കാതെ, സ്വയം ഉള്ളിലൂടെ ബോധത്തെ അനുഭവിക്കുന്നത്,  അപ്പോൾ അന്നം കൊണ്ട് വളരുന്ന മലകളുടെയും പുഴകളുടെയും മരങ്ങളുടെയും ഒക്കെ മാത്രം ഭാഗമായ ഈ ശരീരവുമായി "എനിക്ക് " യാതൊരു ബന്ധവുമില്ലെന്ന് വ്യത്യാസമായി അനുഭവിക്കാൻ കഴിയുന്നു.മരണമില്ലാത്ത ചയ്തന്യത്ത്തിന്റെ ആ അനുഭവത്തെ ആണ് "നിർവാണം"(മോക്ഷം) എന്ന് ബുദ്ധൻ വിളിച്ചത്‌.അതിനുള്ള വഴികളാണ് ലോകത്തുള്ള എല്ലാ ആത്മീയ പാതകളും.പുരുഷ സൂക്തവും അപ്രകാരം  "മരണമില്ലായ്മയുടെയും അന്നംകൊണ്ടു വളരുന്ന ഈ ജഡ പ്രപഞ്ചത്തിന്റെ അധിപതിയും  പുരുഷൻ  തന്നെയാകുന്നു" എന്ന ഈ ചുരുങ്ങിയ വാക്കുകളിൽ ഉറക്കെ വിളിച്ചു പറയുന്നതും അതുതന്നെയാണ്.
 ഇതുതന്നെ മറ്റൊരു തരത്തിൽ ഭഗവദ്ഗീത പറയുന്നത് കാണാം .

ദേഹിനോഽസ്മിന്യഥാ ദേഹേ കൌമാരം യൌവനം ജരാ തഥാ ദേഹാന്തരപ്രാപ്തിര്‍ധീരസ്തത്ര ന മുഹ്യതി (13)

മനുഷ്യന് ഈ ദേഹത്തില്‍ എങ്ങനെയാണോ കൌമാരവും യൌവ്വനവും ജരയും, അങ്ങിനെതന്നെയാണ് ദേഹാന്തര പ്രാപ്തിയും ഉണ്ടാകുന്നത്. ധീരന്‍ അതില്‍ മോഹിക്കുന്നില്ല.
  മാത്രാസ്പര്‍ശാസ്തു കൌന്തേയ ശീതോഷ്ണസുഖദുഃഖദാഃ ആഗമാപായിനോഽനിത്യാസ്താംസ്തിതിക്ഷസ്വ ഭാരത (14)

കുന്തീപുത്രാ, ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള സ്പര്‍ശങ്ങ‍ള്‍ ശീതോഷ്ണങ്ങളെയും സുഖദുഃഖങ്ങളെയും നല്‍കുന്നവയും, വന്നും പോയും ഇരിക്കുന്നവയും അനിത്യങ്ങളുമാണ്. ഭരതവംശത്തില്‍ ജനിച്ചവനെ, അവ നിര്‍വികാരനായി സഹിച്ചു കൊള്ളുക.
അഥ ചൈനം നിത്യജാതം നിത്യം വാ മന്യസേ മൃതം തഥാപി ത്വം മഹാബാഹോ നൈവം ശോചിതുമര്‍ഹസി (26)
കൈയ്യൂക്കുള്ളവനെ, ഇനി ഇവനെ നിത്യം ജനിക്കുന്നവനും നിത്യം മരിക്കുന്നവനുമായി നീ വിചാരിക്കുന്നുവെങ്കി‌‍ല്‍ തന്നെയും നീ ഇവനെക്കുറിച്ച് ദുഖിക്കേണ്ടതില്ല.
ജാതസ്യ ഹി ധ്രുവോ മൃത്യുര്‍ധ്രുവം ജന്മ മൃതസ്യ ച തസ്മാദപരിഹാര്യേഽര്‍ഥേ ന ത്വം ശോചിതുമര്‍ഹസി (27)
  ജനിച്ചവന് മരണം നിശ്ചിതമാണ്. മരിച്ചവന് ജനനവും നിശ്ചിതമാണ്. അതുകൊണ്ട് പരിഹാരമില്ലാത്ത കാര്യത്തില്‍ ദുഃഖിക്കുന്നത് നിനക്ക് ഉചിതമല്ല.
അജോഽപി സന്നവ്യയാത്മാ ഭൂതാനാമീശ്വരോഽപി സന്‍ പ്രകൃതിം സ്വാമധിഷ്ഠായ സംഭവാമ്യാത്മമായയാ (6)
ഞാന്‍ ജനനമില്ലാത്തവനും നാശമില്ലാത്തവനും സര്‍വ്വഭൂതങ്ങളുടെ ഈശ്വരനുമാണ് എങ്കിലും സ്വന്തം പ്രകൃതിയെ അധിഷ്ടാനമാക്കി സ്വന്തം മായയാല്‍ ഞാന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
നാന്യം ഗുണേഭ്യഃ കര്‍ത്താരം യദാ ദ്രഷ്ടാനുപശ്യതി ഗുണേഭ്യശ്ച പരം വേത്തി മദ്ഭാവം സോഽധിഗച്ഛതി (19)

എപ്പോള്‍ ദ്രഷ്ടാവ് ഗുണങ്ങളില്‍ നിന്നു ഭിന്നനായ ഒരു കര്‍ത്താവിനെ കാണാതിരിക്കുകയും ഗുണങ്ങള്‍ക്കതീതനായ ആത്മാവിനെ അറിയുകയും ചെയ്യുന്നുവോ അപ്പോള്‍ അവന്‍ എന്റെ ഭാവത്തെ (ബ്രഹ്മത്തെ) പ്രാപിക്കുന്നു. ഗുണാനേതാനതീത്യ ത്രീന്ദേഹീ ദേഹസമുദ്ഭവാന്‍ ജന്മമൃത്യുജരാദുഃഖൈര്‍വിമുക്തോഽമൃതമശ്നുതേ (20)

ശരീരോത്പത്തിയ്ക്കു കാരണമായ ഈ മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചിട്ട്, ജന്മം, മൃത്യു, ജരാ, ദുഃഖം എന്നിവയില്‍ നിന്നു മുക്തനായി ദേഹി അമൃതത്വത്തെ പ്രാപിക്കുന്നു.
ബ്രഹ്മണോ ഹി പ്രതിഷ്ഠാഹമമൃതസ്യാവ്യയസ്യ ച ശാശ്വതസ്യ ച ധര്‍മ്മസ്യ സുഖസ്യൈകാന്തികസ്യ ച (27)

ഞാന്‍ അമൃതവും (അനശ്വരവും) അവ്യയവുമായ (മാറ്റമില്ലാ ത്തതുമായ) ബ്രഹ്മത്തിന്റെയും, ശാശ്വതമായ ധര്‍മ്മത്തിന്റെയും, പരമമായ സുഖത്തിന്റെയും നിവാസസ്ഥാനമാകുന്നു.
യോഽന്തഃസുഖോഽന്തരാരാമസ്തഥാന്തര്‍ജ്യോതിരേവ യഃ സ യോഗീ ബ്രഹ്മനിര്‍വ്വാണം ബ്രഹ്മഭൂതോഽധിഗച്ഛതി (24)

യാതൊരുവന്‍ ഉള്ളില്‍ സുഖംകണ്ടെത്തുകയും, ഉള്ളില്‍തന്നെ രമിക്കയും, അതുപോലെ ഉള്ളില്‍ തന്നെ ജ്ഞാനം കണ്ടെത്തുകയും ചെയ്യുന്നുവോ, ആ യോഗി ബ്രഹ്മമായി തീര്‍ന്ന് ബ്രഹ്മനിര്‍വാണം പ്രാപിക്കുന്നു.
..തുടരും --SREE.



Saturday, February 13, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -2

പുരുഷ ഏവേദം സർവം
യദ്ഭൂതം യച്ചഭവ്യം
ഉതാമൃത്വസ്യേശാനോ
യദന്നേനാതിരോഹതി       2

യത് = ഏതൊക്കെ , ഭൂതം =ഉണ്ടായികഴിഞ്ഞത് , യത്ചഎതൊക്കയും ,ഭവ്യം =ഉണ്ടാകാൻ പോകുന്നുവോ ,ഇദം = ഇത് , പുരുഷ:=പുരുഷൻ(ബ്രഹ്മം ),ഏവ =തന്നെയാകുന്നു,ഉത =മാത്രമല്ല  ,അമൃതത്വസ്യ = മരണമില്ലായ്മയുടെ ,ഈശാന = അധിപതിയും ,യത് =യാതൊന്ന് , അന്നേന= അന്നംകൊണ്ട് ,അതിരോഹതി= വളരുന്നുവോ (അതിന്റെ അധിപതിയും പുരുഷനാണ് ).
ഏതൊക്കെ ഉണ്ടായിക്കഴിഞ്ഞുവോ(ഭൂതകാലം ) ,ഏതൊക്കെ ഉണ്ടാവുവാൻ പോകുന്നുവോ (ഭാവികാലം ),ഇപ്പോഴുള്ളതും (വർത്തമാന കാലം ) എല്ലാം പുരുഷൻ ആകുന്നു.മാത്രമല്ല മരണമില്ലായ്മയുടെയും അന്നംകൊണ്ടു വളരുന്ന ജഡ പ്രപഞ്ചത്തിന്റെ അധിപതിയും  പുരുഷൻ  തന്നെയാകുന്നു.
//////////////////ഏതൊക്കെ ഉണ്ടായിക്കഴിഞ്ഞുവോ(ഭൂതകാലം ) ,ഏതൊക്കെ ഉണ്ടാവുവാൻ പോകുന്നുവോ (ഭാവികാലം ),ഇപ്പോഴുള്ളതും (വർത്തമാന കാലം ) എല്ലാം പുരുഷൻ ആകുന്നു.////////////////
പുരുഷൻ കാലാതീതമായി വർത്തിക്കുന്നു എന്ന് ഋഷി പറയുന്നു.ഇതുതന്നെ എല്ലാ വേദാന്തികളും ഉപനിഷത്തുകളും ഒക്കെ പറയുന്നു. ഉദാഹരണം , ഇതുതന്നെ മാണ്ഡൂക്യോപനിഷത്തും പറയുന്നു .
///////////'ഭൂതം ഭവത്ഭവിഷ്യദിതി സർവമോംകാരമേവ
യച്ചാന്യത്ത്രികാലാതീതം തദപ്യോംകാരമേവ"
ഭൂതം=കഴിഞ്ഞത്,ഭവത്=ഭവിക്കുന്നത്,ഇപ്പോൾ നടക്കുന്നത് (വർത്തമാനകാലം )
ഭവിഷ്യത് = വരാൻ പോകുന്നത് (ഭാവി),ഇതി = എന്നുള്ള,സർവ്വം =എല്ലാം
ഓം കാര:ഏവ =ഓംകാരം തന്നെ.////////
         നമുക്ക് ഇതിന്റെ പ്രായോഗിക വശമാണ് അറിയേണ്ടത് . ഭൂതവും ഭാവിയും വർത്തമാനവും എല്ലാം പുരുഷൻ ആണത്രെ.അതെങ്ങനെ സംഭവിക്കുന്നു? ഈ മൂന്നു കാലങ്ങളും വളരെ അകന്നതും ബന്ധമില്ലാത്തതും ആയി കാണപ്പെടുന്നു.എന്നിട്ടും ഇതെങ്ങനെ ഒന്നാവും?വളരെ ശ്രദ്ധയോടെ മനസ്സിലാക്കിയാൽ അതു നമുക്കും തിരിച്ചറിയാം.ഇനി പറയാൻ പോകുന്ന കാര്യങ്ങൾ അറിയുവാൻ അൽപ്പം  കൂടുതൽ സൂക്ഷ്മായ ശ്രദ്ധയെ ആവശ്യപ്പെടുന്നു.
അല്പ്പം മുൻപ് ഇന്റർനെറ്റിൽ  ലോഗിന്ചെയ്യാൻ വേണ്ടി എന്റർ അടിച്ചപ്പോൾ, ടയിപ്പ് ചെയ്തപ്പോൾ ആ കാര്യങ്ങൾ എല്ലാം വർത്തമാനകാലമായിരുന്നു ഇപ്പോൾ ശ്രദ്ധിക്കുന്നതും വർത്തമാനകാലം ഇനി ലോഗ് ഔട്ട് ചെയ്യുമ്പോൾ അതും വർത്തമാനകാലത്തിൽ ആയിരിക്കുംചെയ്യുന്നത് .അങ്ങനെ നമുക്ക് വർത്തമാനകാലം മാത്രമേ ജീവിതത്തിൽ അനുഭവിക്കാൻ കഴിയുകയുള്ളൂ എന്നു തിരിച്ചറിയാൻ കഴിഞ്ഞാൽ  ജീവിതത്തിൽ നമുക്ക് ഭൂതകാലവും ഭാവികാലവും അവയിൽനിന്നുള്ള ചിന്തകളും അസത്യമാണെന്ന് തിരിച്ചറിയാം.
ഭൂതം അവ്യക്തമാണ് ,ഭാവിയും .നമുക്ക് വർത്തമാനംകാലം മാത്രമേ അനുഭവിക്കാൻ കഴിയു.അനുഭവിച്ചു കഴിഞ്ഞ വർത്തമാനത്തിന്റെ റിസൽട്ടിനെ നോക്കുന്നതിനെ ഭൂതമെന്നൊക്കെ സങ്കൽപ്പിക്കാം.പക്ഷെ ഓർക്കുക,-.. ആ നോക്കുന്ന,ചിന്തിക്കുന്ന,ഭൂതകാലത്തിനെ നോക്കുന്ന, സങ്കൽപ്പിക്കുന്ന പ്രക്രിയ വർത്ത മാനകാലത്തിലാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.മറക്കരുത് .സെക്കണ്ട് സൂചിയെ നോക്കിയിരിക്കുക...അത് 6 ഇൽ വരുമ്പോൾ അതുമാത്രമേ നിങ്ങള്ക്ക് ശ്രദ്ധാപൂർവം  നോക്കാൻ കഴിയു.പക്ഷെ നാം ചെയ്യുന്നതെന്താണ്? ഓഫീസിൽ ഇരിക്കുമ്പോൾ വീട്ടിലെക്കാര്യവും വീട്ടിലിരിക്കുമ്പൊൽ ഓഫീസിലെ ക്കാര്യവും,ഭക്ഷണം കഴിക്കുമ്പോൾ എഴുതുന്ന കാര്യവും എഴുതുമ്പോൾ ഭക്ഷണം കഴിക്കുന്ന കാര്യവും ചിന്തിച്ചു ജീവിതം എന്ന വർത്തമാനകാല സത്യത്തെ അവഗണിക്കുന്നു.ഫലം ബി.പി , ഹയ്പ്പർ ടെൻഷൻ etc ....സദാ.. 6 ഇൽ നില്ക്കുകയും 5 നെയും 7 നെയും നോക്കുകയും ചെയ്യുന്നു.7 ഇൽ വരുമ്പോൾ 6 നെയും 8 നെയും നോക്കുന്നു.എ പ്പോഴും നില്ക്കുന്ന സ്ഥലം ചിന്തകളാൽ അവഗണിക്കപ്പെടുന്നതുകൊണ്ടാണ് യേശു പറഞ്ഞത് "എല്ലാവരും പാപം ചെയ്തു",എന്ന്.എല്ലാരും ചെയ്യുന്നു എന്നുകരുതി അപകടം അങ്ങനെ അല്ലാതാകുന്നില്ല.വർത്തമാനത്തിൽനിന്നു ശ്രദ്ധ പോകാതെ, ഒന്നും സങ്കൽപ്പി ക്കുവാൻ .കഴിയില്ല.മനുഷ്യന്റെ എല്ലാ ദുഖങ്ങൾക്കും  കാരണം സത്യത്തോടുള്ള ,വർത്തമാനകാല ത്തോടുള്ള  അവന്റെ അവഗണനയാണ്.നാം ഇല്ലാത്ത ഭൂതഭാവികളിൽ മാത്രം(മനസ്സില്) ജീവിച്ചാൽ മരിച്ചതുപോലുള്ള ജീവിതമാകുംഅത്. മരണം തന്നെയാണത്.വർത്തമാനത്തിൽ വരാതെ ആനന്ദമുണ്ടാവില്ല. ജീവിതം ഉണ്ടാവില്ല .കാരണം അതാണ് ഏക സത്യം.6 ഇൽ വരുമ്പോൾ 6 ഉം ,7 ഇൽ വരുമ്പോൾ 7 ഉം,8 ഇൽ വരുമ്പോൾ 8 ഉം ശ്രദ്ധിക്കുന്ന ഒരു ധ്യാനിക്കുന്നവൻ എല്ലാ ദുഖത്തിൽനിന്നും സ്വതന്ത്രനാകുന്നു.ആ സത്യവുമായുള്ള  ചേർച്ചയിൽ ,"യോഗത്തിൽ "സംതൃപ്തനാകുന്നു . അസത്യ ജീവിതത്തിന്റെ  കർമ്മ ബന്ധങ്ങളിൽ നിന്നും ഒഴിയുന്നു.മുക്തനാകുന്നു.
 ഒരു മരം എന്ന് പറയുമ്പോൾ വേരുകൾ ഭൂതവും, ഫലം ഭാവിയും എന്ന് പറയുന്നു .എന്നാൽ ,ഒരു ഫലം ഭൂതവും ഭാവിയുമായും,അങ്ങനെയും കാണാം.ഫലത്തിൽ നിന്നാണ് മരം ഉണ്ടാകുന്നത് എന്ന്  ഓർക്കുമ്പോൾ ഫലം ഭൂതകാലമായി . നമ്മൾ കാര്യങ്ങൾ അറിയാൻ മാത്രം ,അപ്പോഴത്തെ സ്ഥിതി അറിയാൻ മാത്രം നമ്മുടെ ഇഷ്ടത്തിനു ഭൂതം ഭാവി എന്ന് എടുത്ത് തിരിക്കുന്നു.പക്ഷെ അവ സത്യമല്ല.ഊർജം സഞ്ചരിക്കുന്നത് വര്ത്തമാനകാലത്തിലാണ് .പലരൂപമാറ്റം ഉണ്ടാകുമെന്നെയുള്ളൂ.ചിലർ രൂപങ്ങളെ കാണുന്നു.അവ അസത്യങ്ങളാണ് .കാരണം അവ യാണ് അയതാര്ധ്യമായ ഭൂത ഭാവികളെ മനസ്സിൽ സൃഷ്ടിക്കുന്നത്.
നമ്മുടെ അച്ഛൻ ,ഭാര്യ ഭർത്താവ്, മരിച്ചു എന്നത് ചിന്തിക്കുന്നത് ,വർത്തമാനകാലത്തിൽ അവരിന്നു ഇല്ല എന്ന സത്യം കാണാത്തത് കൊണ്ടാണ്.ഇല്ലായ്മ എന്നത് മിക്കപ്പോഴും വർത്തമാനത്തിന്റെ സത്യമാകുന്നു.അത് കാണാൻ, സ്വീകരിക്കുവാൻ കഴിയാത്തപ്പോഴൊക്കെ നാം ഭൂത ഭാവികളുടെ അസത്യലോകത്തിൽ ദുഖിതരായിരിക്കും.
 ശ്രദ്ധയുള്ളപ്പോൾ നാം വർത്തമാനകാലത്തിൽ നിൽക്കുന്നു.നാം ലളിതമായി നമ്മുടെ ശ്വാസം ശ്രദ്ധിക്കുക.അത് വർത്തമാനകാലത്തിൽ ആണ്.ഭൂതകാലത്തിലോ ഭാവികാലത്തിലോ ശ്വസിക്കാൻ കഴിയുമോ? ഇല്ല.വർത്ത മാനകാലമേ നമുക്ക് അനുഭവിക്കുവാൻ കഴിയു എന്നതിന് അതാണ് തെളിവ്.ഞാൻ  "അനുഭവിച്ചു "--"അനുഭവിച്ച്ചുകൊണ്ടിരിക്കുന്നു"--"അനുഭവിക്കും "- ഇതിൽ സത്യമായി തോന്നുന്ന വാക്ക് ഏതാണ് ?-അനുഭവിച്ചു എന്ന് പറയണമെങ്കിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാഇന്ദ്രിയ സംവേദനങ്ങളെയും മറന്നുകൊണ്ട്  ചിന്തകളിലേക്ക് പോകണം.----."അനുഭവിച്ചു"---- എന്നൊന്ന് പറഞ്ഞുനോക്കു .മനസ്സ് പ്രവർത്തനക്ഷമമായി ചിന്തകളുടെ വേലിയേറ്റം വന്നു അപ്പോഴത്തെ ഇന്ദ്രിയാനുഭവങ്ങളെ,വര്ത്തമാനകാലാനുഭവങ്ങളെ  മറയ്ക്കുന്നത് കാണാം.അതുപോലെയാണ്----- "അനുഭവിക്കും"------ എന്ന് പറയുമ്പോളും.പരീക്ഷിച്ചു നോക്കു .എന്നാൽ നിങ്ങൾ "അനുഭവിച്ച്ചുകൊണ്ടിരിക്കുകയാണ്  " എന്ന് പറഞ്ഞുനോക്കു .അപ്പോൾ നിങ്ങൾ ബോധവാനും സ്വതന്ത്രനുമാകുന്ന മാജിക് അറിയാം .അതാണ് ധ്യാനം എന്ന് പറയുന്നതും.വര്ത്തമാനം അതിലേക്കുള്ള വാതിലാണ്.
 നമ്മുടെ ഇന്ദ്രിയങ്ങളിൽനിന്നുളള അറിവുകള തുടർച്ചയായി ബോധത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത് നാം അറിഞ്ഞുകൊണ്ടിരിക്കുക എന്നതാണ് ജീവിക്കുക എന്നത് അർത്ഥമാക്കുന്നത് .അനുഭവിക്കുക എന്നത് അർത്ഥമാക്കുന്നതും ഇതുതന്നെ  .ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത് വർത്തമാനകാലത്തിൽ ആണ്.ഈ അനുഭവം അഥവാ ജീവിതമാണ് നമ്മെ കാലത്തിനപ്പുറത്തേക്കു കൊണ്ടുപോകുന്നത്.
 മറ്റൊന്ന് ആലോചിക്കാം  .ജീവിതം തുടർച്ചയാണല്ലോ .ഭൂതം -വര്ത്തമാനം-ഭാവി പിന്നെയെന്തുവരും ?----വീണ്ടും "ഭൂതം -വര്ത്തമാനം-/// ഭാവി-------------------ഭൂതം///  -വര്ത്തമാനം-/// ഭാവി --------- " ഇതെങ്ങനെ ശരിയാകും? എങ്ങനെ പ്രായോഗികമായി ബന്ധപ്പെടുത്തും?---/// ഭാവി---------ഭൂതം/// ഇവതമ്മിൽ ചേരുമോ? ശരിയാകുമോ? ഇല്ല. ഇങ്ങനെ ഒരു പ്രവര്ത്തിയും ചെയ്യാൻ കഴിയില്ല.ഭൂതകാലത്തിലോ ഭാവിയിലോ പ്രവർത്തി ചെയ്യാൻ കഴിയുമോ?സംഭവങ്ങൾ സംഭവിക്കുന്നത് എപ്പോഴും വർത്തമാനകാലത്തിലായിരിക്കും .ഇവിടെ ഏറ്റവും ആവര്ത്തിച്ചതും വർത്തമാനകാലമാണ്  .അത് മാത്രമേ സത്യമുള്ളൂ. വർത്ത മാന കാലത്തിൽ നിന്നും ശ്രദ്ധ മാറുമ്പോൾ കാണുന്ന സങ്കല്പ്പ രൂപങ്ങളാണ് ഭൂത ഭാവികൾ. ചിന്തകൾ  ഭൂതമൊ ഭാവിയോ ആണ് .ചിന്തിക്കുമ്പൊളൊക്കെ ഭൂതവും ഭാവിയും വരും.കാരണം ചിന്തകൾ  സങ്കൽപ്പത്തിന്റെ ഭാവിയോ ഭൂതമൊ ആണ്. വർത്തമാന കാലത്തിൽ ചിന്തിക്കാൻ കഴിയില്ല.എപ്പോഴും ചിന്തകളിൽ ജീവിക്കുന്നവർക്കു അത് മാത്രമേ അറിയൂ.അതിനാൽ  അവരുടെ സത്യം ഭൂതവും ഭാവിയും മാത്രമാകും.അവരുടെ മാത്രം സത്യം.

എന്നാൽ ലോകം മുഴുവൻ ചലിക്കുന്നത് വർത്തമാനകാലത്തിലാണ് എന്ന് മറക്കരുത്.നമ്മുടെ ഹൃദയം മിടിക്കുന്നതും ,രക്തം പമ്പ്  ചെയ്യുന്നതും ,നാം ശ്വാസോഛുവാസം ചെയ്യുന്നതും ,കാണുന്നതും കേൾക്കുന്നതും ,നടക്കുന്നതും ,സംസാരിക്കുന്നതും ,അവസാനം മരിക്കുന്നതും എല്ലാമെല്ലാം വർത്തമാനകാലത്തിൽ  മാത്രമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് .
സത്യലോകത്ത് നിൽക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ,ജീവിതം സന്തോഷം നിറഞ്ഞതാക്കുവാൻ, അറിഞ്ഞോ അറിയാതെയോ നാം വർത്തമാനകാലത്തിൽ തുടരുന്ന ധ്യാനം എന്ന അവസ്ഥയിലേക്ക് വന്നെപറ്റു .അപ്പോൾ അവിടെ സത്യമായും വർത്തമാന കാലം മാത്രമേ അനുഭവപ്പെടുന്നുള്ളൂ . ആ ഒരു കാലം മാത്രമേ ഉള്ളു എങ്കിൽ അവിടെ കാലവ്യത്യാസം അറിയിക്കുന്ന "വർത്തമാനം" എന്ന പേരും നമുക്ക് ആവശ്യമില്ല.അതായത് എന്റെ പേര് "ശ്രീ" എന്നായിരിക്കെ, ഈ ലോകത്ത് മനുഷ്യനായി ഞാൻ മാത്രമേ ഉള്ളുവെങ്കിൽ, ആ പേര് തിരിച്ചറിയപ്പെടാനായി അവിടെ പിന്നെ ആവശ്യമില്ല. അതൊരു വിഡ്ഢിത്തരമാകും.  ആ  മൂന്നു കാലവും ഒന്നായിത്തീരുന്ന സമയമില്ലാത്ത അവസ്ഥയാണ് ഈശ്വരൻ അല്ലെങ്കിൽ പരമ പുരുഷൻ എന്ന് ഋഷിമാർ അറിയിക്കുന്നു.അതു മൂന്നുകാലത്തെയും അതിവർത്തിക്കുന്നു.ആ ധ്യാന വർത്തമാനകാല വിരാട്ട് പുരുശോപാസന   നമ്മെ സത്യലോകത്തെക്ക് നയിക്കുന്നു.ആ പ്രകാശത്തിൽ  നാം നമ്മുടെ വഴിയെ വ്യക്തമായി കാണുന്നു.ജീവിതയാത്ര വളരെ എളുപ്പമുള്ളതാകുന്നു, മനോഹരമാകുന്നു.
ഈ അവ്യക്തമായ ഒരിക്കലും നമുക്ക് അനുഭവിക്കാൻ കഴിയാത്ത ഭൂത ഭാവികളെ മനോഹരമായി ഭഗവദ് ഗീത കൂടുതൽ സ്പഷ്ടമായി വരച്ചു കാട്ടുന്നത് കാണാം.അർജുനനെ ഉപദേശിക്കുവാൻ തുടങ്ങുമ്പോൾ ത്തന്നെ കൃഷ്ണൻ മേൽ വിവരിച്ച പുരുഷ സൂക്തത്തിലെ ഭൂതഭാവികളെയും മരണത്തെയും  അമൃതത്വത്തെയും ഒക്കെ സംബന്ധിക്കുന്ന ആശയം കൂടുതൽ വ്യക്തമായി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത് തന്നെ.

അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ                         (28)

 ജീവികള്‍ ജനനത്തിനു മുന്‍പ് അവ്യക്തമായ അവസ്ഥയോട്‌കൂടിയവയാണ്. മദ്ധ്യേയുള്ള ജീവിതകാലം മാത്രം വ്യക്തവുംമരണാനന്തരമുള്ള സ്ഥിതി അവ്യക്തവുമാണ്. ഹേ ഭാരതാ, അതില്‍ എന്തിന് വിലപിക്കണം?ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ എന്റെ പ്രകൃതി എട്ടായി വേര്‍തിരിഞ്ഞിരിക്കുന്നു.
അവ്യക്താദ് വ്യക്തയഃ സര്‍വ്വാഃ പ്രഭവന്ത്യഹരാഗമേ രാത്ര്യാഗമേ പ്രലീയന്തേ തത്രൈവാവ്യക്തസംജ്ഞകേ     (18)

 ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുമ്പോള്‍ അവ്യക്തതയില്‍ നിന്നും എല്ലാ വസ്തുക്കളും ഉത്ഭവിക്കുന്നു. അവയെല്ലാം ബ്രഹ്മാവിന്റെ രാത്രിയുടെ ആരംഭത്തില്‍ ആ മൂലപ്രകൃതിയില്‍ തന്നെ ലയിച്ചുചേരുകയും ചെയ്യുന്നു.

ഭൂതഗ്രാമഃ സ ഏവായം ഭൂത്വാ ഭൂത്വാ പ്രലീയതേ രാത്ര്യാഗമേഽവശഃ പാര്‍ഥ പ്രഭവത്യഹരാഗമേ                         (19)
 ഹേ പാര്‍ത്ഥ! ഈ സര്‍വഭൂതങ്ങളും വീണ്ടും വീണ്ടും ഉണ്ടായി രാത്രിയുടെ ആരംഭത്തില്‍ പ്രകൃതിയില്‍ ലയിക്കയും പരാധീനരായി പ്രഭാതത്തില്‍ വീണ്ടും ഉത്ഭവിക്കയും ചെയ്യുന്നു. 

...തുടരും --SREE.

Read more on
http://viratpurushan.blogspot.in/   http://sreedharannamboothiri.blogspot.in/   Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ 





Wednesday, February 10, 2016

പുരുഷ സൂക്തം ജീവിതവിജയത്തിന്  -1

"ഓം സഹസ്രശീര്ഷാ പുരുഷഃ
സഹസ്രാക്ഷഃ സഹസ്രപാത്
സ ഭൂമിം വിശ്വതോ വൃത്വാ-
ഽത്യധിഷ്ഠത് ദശാംഗുലം"        1

പുരുഷ:= പുരുഷൻ ,സഹസ്ര ശീർഷാ = ആയിരം തലയുള്ളവനും ,സഹസ്രാക്ഷ:= ആയിരം കണ്ണുകൾ  ഉള്ളവനും ,സഹസ്രപാദ് = ആയിരം പാദങ്ങൾ  ഉള്ളവനും (ആകുന്നു ) സ:= അവൻ ,ഭൂമിം = ഭൂമിയെ ,വിശ്വത:= എങ്ങും വൃത്വാ = പൊതിഞ്ഞു-വ്യാപിച്ച് ,ദശ അംഗുലം =പത്ത് അംഗുലം ,അതി= കവിഞ്ഞ് ,അതിഷ്ടത് = ഇരിക്കുന്നു.

    ആയിരക്കണക്കിന് തലകളിലൂടെയും ആയിരക്കണക്കിന് കണ്ണുകളിലൂടെയും പാദങ്ങളിലൂടെയും പ്രകാശിക്കുന്നത് പരമാത്മ ബോധമാണ്.അതിനെ ഋഷിമാർ വിളിച്ച പേരുകൾ ആണ് പരമ പുരുഷൻ .പരമേശ്വരൻ ,പരബ്രഹ്മം  എന്നൊക്കെ .
ആയിരക്കണക്കിന് ജീവജാലങ്ങളിൽ അവൻ ചയ്തന്യമായി പ്രകാശിക്കുന്നു.അന്തമില്ലാത്ത അവന്റെ മഹിമ കൊണ്ട് അവനെ ആയിരം തലയുള്ള "അനന്തൻ " എന്ന് കൽപ്പിച്ചു .അവൻ തന്റെ പ്രപഞ്ച സൃഷ്ടിക്കു "ശേഷ"വും ബാക്കി വലിയ നാഗത്തിന്റെ വാല് പോലെ അനന്തമായി നീണ്ടു കിടക്കുന്നതിനാൽ "ശേഷ നാഗം " എന്ന്  അവർ സാദൃശ്യപ്പെടുത്തി.ഒരു നീളമുള്ള പാമ്പ് മാളത്തിലേക്ക് ഇഴഞ്ഞു കയറുന്നത്  നാം ശ്രദ്ധിച്ചിട്ടുണ്ടാകും.എത്ര കയറിയാലും തീരാതെ പിന്നെയും അവൻ ബാക്കി കിടക്കുന്ന അവസ്ഥ നമ്മിൽ തോന്നിക്കാറുണ്ടല്ലോ .അതുപോലെ ആ ഉചിഷ്ടബ്രഹ്മവും കാണപ്പെടുന്നു.ഋഷി അതിനെ ഉചിഷ്ടൻ എന്നും വിളിക്കുന്നു. ഈ കാണപ്പെടുന്ന ഭൂമി ഉൾപ്പെടുന്ന  നക്ഷത്രങ്ങളും സൂര്യ ചന്ദ്രന്മാരും ഉൾക്കൊള്ളുന്ന പ്രപഞ്ചം "വിരാട്ട് " എന്ന് വേദങ്ങളിൽ പറയപ്പെട്ടു. അപ്രകാരം ആ വിരാട്ട്  ശേഷനിൽ നീണ്ടു നിവർന്നു  കിടക്കുന്നു..ഒറ്റ ദർശനത്തിൽ അവനെ കാണാൻ കഴിയില്ല. താപത്രയങ്ങളുടെ മൂന്ന് വാതിലിലൂടെ കടന്നെ അവൻ കാണപ്പെടുകയുള്ളൂ .കാരണം അവന്റെ കണ്ണുകൾ  സൂര്യ ചന്ദ്രന്മാർ ആണ്.ഈ വിരാട്ടിനെയും ഉൾക്കൊണ്ടു കടന്ന്  ശേഷൻ എന്ന പരമാത്മ ബോധസത്യം നിലകൊള്ളുന്നു.സത്യത്തിൽ സനാതന ധര്മ്മത്തിലുള്ളവർ ആരാധിക്കുന്നത് ഈ ശേഷനെ , അനന്ത ബ്രഹ്മത്തെ ആണെന്ന് അറിയുന്നവർ തന്റെ ആധ്യാത്മിക പാതയിൽ വിജയിക്കുവാൻ തുടങ്ങുന്നു . സനാതന വേദങ്ങളുടെ പോരുളിലേക്ക് നയിക്കപ്പെടുന്നു. വിരാട്ട് പുരുഷ ,അനന്ത ശായിയായ അനന്ത പദ്മനാഭ പ്രതിഷ്ഠയിൽ  അനന്തനിലെക്കാണ്  എങ്ങും വ്യാപിച്ചവൻ എന്ന്  അർഥം വരുന്ന (വ്യപ്നോതി വിഷ്ണു ) അനന്ത പദ്മനാഭ വിരാട്ട് വിഷ്ണുവിലൂടെ നാം എത്തുക.ലോകത്തെ ഏറ്റവും സമ്പന്ന ക്ഷേത്രമായി അവിടം മാറിയത് പൂർവികരുടെ ഈ മഹദ് തത്വോപാസന മൂലമായിരുന്നിരിക്കണം.കാരണം വലിയ ചിന്തകൾ വലിയ ബോധവികാസവും അതിലൂടെ വൻ ജീവിത വിജയവും നേടിത്തരുന്നു. അനന്തന്റെ  ആയിരം ഫണങ്ങൾ കാണിക്കുന്നത്  തന്ത്ര ശാസ്ത്രത്തിലെ  ആധ്യാത്മിക സ്വരൂപത്തിലെ കുണ്ടലിനിയുടെ ഉത്ഥാന പഥത്തിലെ ആയിരം ഇതളുകളുള്ള സഹസ്രാര ചക്രമാണ്.നാഗം കുണ്ടാലിനിയുടെ പ്രതീകമാണ് . വിരാട്ട് ശയനം യോഗനിദ്രയുമാണ് .ലക്ഷ്മിദേവി മഹാ ത്രിപുര സുന്ദരിതന്നെയാണ് .പുരുഷൻ ശിവൻ ത ന്നെയാണ് .ശിവ ശക്തി സംയോഗം മോക്ഷം എന്ന തത്വാർത്ഥം  ഇവിടെ ലഭിക്കുന്നതിനാൽ തന്ത്ര ശാസ്ത്രവും യോഗ ശാസ്ത്രവും വേദാന്തവും ഇവിടെ ഒന്നാകുന്നു.   ചുരുക്കത്തിൽ ഇത് പ്രകാരം സാധന ചെയ്യുന്ന സാധകൻ സഹസ്രാരത്ത്തിലെ അനന്തമായ ഇതളുകളുടെ പുഷ്പിക്കലിലേക്ക്  നയിക്കപ്പെടുന്നു.സ്വയം വിരാട്ട്  എന്ന  പരമാത്മ ബോധത്തെ അറിയുന്നു.

വ്യാഹൃതി പ്രാണായാമ പദ്ധതിയിലെ ലോകങ്ങൾ ഇവയാണ് .നമ്മുടെ ശരീരത്തിന്റെ നാഭിയിൽ ഭൂർ ലോകം തുടങ്ങി മുകളിലേക്ക്  ,ഭുവർ ലോകം ,സ്വർ ലോകം ,മഹർ ലോകം ,ജന ലോകം ,തപോ ലോകം ,സത്യ ലോകം ,ബാക്കി മുകളിലെക്കുള്ള  ലോകങ്ങൾ .ഇതിൽ ശ്വാസത്തെ എടുത്തു കുംഭിച്ചുകൊണ്ട്  പ്രപഞ്ചപുരുഷനായി  തന്നെ കല്പ്പിച്ചു കൊണ്ട് ഓരോ ചക്രങ്ങളുടെ സ്ഥാനത്ത് ഈ ലോകങ്ങളെ കൽപ്പിച്ചു തൊഴുകയ്  മുകളിലേക്ക് ചലിപ്പിച്ചു കൊണ്ട്  ശിരസ്സിനു മുകളിൽ  ഗായത്രി കഴിഞ്ഞു  പത്ത്  അന്ഗുലത്തിൽ  " ആ പോ ജ്യോതിരസോമൃതം ..എന്നും ബ്രമ്മ ഭൂർഭുവസ്വരൊ  എന്നു ജപിക്കുന്നു(സങ്കൽപ്പിക്കുന്നു).ശേഷം പ്രണവം കൊണ്ട് ശ്വാസം വിടുന്നു.ഇവിടെ  പിന്നെയും മുകളിലേക്ക് പത്തു വിരൽക്കട  തള്ളി കൽപ്പിക്കുന്ന  ശേഷ ബ്രഹ്മ ലോകമാണ് "വൃത്യധിഷ്ട ദശാംഗുലം " എന്ന് പറഞ്ഞിരിക്കുന്നത്. അതിനാൽ  ഇത്തരം പ്രായോഗികമായ ശിക്ഷണ രീതികളും  (അവ ദീക്ഷാ പ്രകാരം മാത്രം ആചരിച്ചില്ലെങ്കിൽ കുഴപ്പമാണെന്ന് പറയപ്പെടുന്നു ) .ആത്മബോധപരമായ  സമീപനവും ഇല്ലാതെ  പാശ്ചാത്യരെ പോലെ  വെറും പുസ്തക ജ്ഞാനത്തിലൂടെ വേദത്തെ വായിച്ച , പ്രശസ്തരായ ചില സംസ്കൃത പണ്ഡിതർ അതിന്റെ അന്ത :സത്തയെ കുരുതി കൊടുത്തുകൊണ്ട് ഇപ്പോഴും അന്ധ :വേദ പ്രചരണം നടത്തുന്നത് വേദങ്ങളോടുള്ള ദ്രോഹമാണ്. വേദങ്ങളുടെ അന്ത:സത്തയെ ദർശിച്ച  ഋഷിമാർ വേദാംഗങ്ങൾ ആയി ഉപനിഷത്തുകൾ രചിക്കുകയുണ്ടായി .അവയിലെ തയ്ത്തരീയം, മുണ്ടകൊപനിഷത്ത് പോലുള്ള മിക്ക ഉപനിഷത്തുകളിലും പുരുഷ പ്രജാപതി യജ്ഞ വർണ്ണന കളിലൂടെ  ഈ പുരുഷപദ പ്രാപ്തിക്കുള്ള വഴി തെളിക്കുന്നു. അവരൊക്കെയും യജ്ഞ സമാനമായ ജീവിതത്തെ പ്രകീർത്തിക്കുകയാണ്  ചെയ്യുന്നത്.അതാകട്ടെ അവയെ ജീവിതത്തിൽ പ്രായോഗികമായി എങ്ങനെ അനുഷ്ടിക്കണം എന്ന് ഗീത വിശദമാക്കുന്നു.അപ്പോൾ നമുക്കു ഈ ബന്ധം  കാണാം.----പുരുഷ സൂക്തം (വേദങ്ങൾ )>-------ഉപനിഷത്തുകൾ >-------ഭഗവദ് ഗീത. ശ്രീഭഗവാനുവാച ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം വിവസ്വാന്മനവേ പ്രാഹ മനുരിക്ഷ്വാകവേഽബ്രവീത്
 (1)----------------------------------------------------------------------------- ശ്രീ ഭഗവാന് പറഞ്ഞു: അവ്യയമായ ഈ യോഗത്തെ ഞാന് ആദിത്യന് ഉപദേശിച്ചു. ആദിത്യന് മനുവിനും ഉപദേശിച്ചുകൊടുത്തു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.
ഈ വാക്കുകൾ  വ്യക്തമാക്കുന്നത്  ഗീത എന്നാൽ വേദങ്ങളിലെ ജ്ഞാനം എന്നുതന്നെയാണ് .

അതായത് ഞാൻ നിനക്ക് ഉപദേശിക്കുവാൻ പോകുന്നത് പരമമായ ജ്ഞാനമാണ്.ഗീതയുടെ ശ്ലോകങ്ങൾ ഉണ്ടാവുന്നതിനും മുൻപ് ഉള്ള ജ്ഞാനം.അതായത് വേദങ്ങളിലെ ജ്ഞാനം ..
 പുരുഷ സൂക്തത്തിലെ  ആദ്യത്തെ ശ്ലോകത്തിന്റെ അർഥം തന്നെ ഭഗവദ് ഗീതയിലെ ഏറ്റവും  പ്രധാന രംഗമായ അര്ജുനന്റെ വിരാട് പുരുഷ ദർശനത്തിൽ കാണാൻ സാധിക്കുന്നതാണ്  . വിശ്വരൂപ ദർശന യോഗത്തിലെ 9 ആം ശ്ലോകം മുതൽ 50 ആം ശ്ലോകം വരെയുള്ളത്  പുരുഷ സൂക്തത്ത്തിലെ ആദ്യ ശ്ലോകങ്ങളുടെ വിപുലീകരണം തന്നെയാണ്  എന്ന് മനസ്സിലാക്കാം.
സഞ്ജയ ഉവാച
ഏവമുക്ത്വാ തതോ രാജന്മഹായോഗേശ്വരോ ഹരിഃ
ദര്‍ശയാമാസ പാര്‍ഥായ പരമം രൂപമൈശ്വരം                        (9)

സഞ്ജയന്‍ പറഞ്ഞു: രാജാവേ! ഇപ്രകാരം പറഞ്ഞിട്ട് മഹായോഗേശ്വരനായ ശ്രീകൃ‍ഷ്ണ‍ന്‍ തന്റെ പരമവും ഈശ്വരീയവുമായ രൂപത്തെ അര്‍ജുനന് കാണിച്ചു.

അനേകവക്ത്രനയനമനേകാദ്ഭുതദര്‍ശനം
അനേകദിവ്യാഭരണം ദിവ്യാനേകോദ്യതായുധം                    (10)
ദിവ്യമാല്യാംബരധരം ദിവ്യഗന്ധാനുലേപനം
സര്‍വ്വാശ്ചര്യമയം ദേവമനന്തം വിശ്വതോമുഖം                      (11)

അനേകം മുഖങ്ങളും, കണ്ണുക‌‍ളുമുള്ളതും, അത്ഭുതകരങ്ങളായ അനേക ദൃശ്യങ്ങ‍ളുള്ളതും, ദിവ്യങ്ങളായ അനേകം ആയുധങ്ങ‍ളേന്തിയ കൈകളുള്ളതും, അനേകം ദിവ്യാഭരണങ്ങളും, ദിവ്യമാല്യങ്ങളും, വസ്ത്രങ്ങളും, ദിവ്യസുഗന്ധങ്ങളും അണിഞ്ഞിട്ടുള്ളതും, എല്ലാ പ്രാകരത്തിലും ആശ്ചര്യകരവും, ശോഭനവും, അനന്തവുമായിരിക്കുന്ന തന്റെ വിശ്വരൂപത്തെ കാണിച്ചു.

ദിവി സൂര്യസഹസ്രസ്യ ഭവേദ്യുഗപദുത്ഥിതാ
യദി ഭാഃ സദൃശീ സാ സ്യാദ്ഭാസസ്തസ്യ മഹാത്മനഃ                         (12)

ആയിരം സൂര്യന്മാരുടെ ശോഭ  ഒരുമിച്ച് ആകാശത്തി‌‍ല്‍ ഉദിച്ചാലുണ്ടാകുന്നതിനു സദൃശമായിരുന്നു ആ മഹാത്മാവിന്റെ (വിശ്വരൂപത്തിന്റെ) ദീപ്തി.
തത്രൈകസ്ഥം ജഗത്കൃത്സ്നം പ്രവിഭക്തമനേകധാ
അപശ്യദ്ദേവദേവസ്യ ശരീരേ പാണ്ഡവസ്തദാ                        (13)

അപ്പോ‍‍ള്‍ അര്‍ജുനന്‍ പ്രപഞ്ചം മുഴുവ‍ന്‍, അനേകവിധത്തി‍ലുള്ള വേര്‍തിരിവുകളോടെ, ദേവദേവനായ ശ്രീകൃഷ്ണന്റെ ആ ശരീരത്തി‍‍ല്‍ ഒന്നിച്ചു സ്ഥിതിചെയ്യുന്നത്   കണ്ടു…...തുടരും --SREE..Read more on
http://viratpurushan.blogspot.in/   http://sreedharannamboothiri.blogspot.in/   Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ -
"അർജുനന് കുരുക്ഷേത്ര യുദ്ധമുഖത്ത് ഉപദേശിച്ചത് ഗീത അല്ല ".-------------------------------------------------------------------------വിരാട്ട് പുരുഷ ഉപാസനയും വ്യാഹൃതി പ്രാണായാമ പദ്ധതിയും .

വേദങ്ങളുടെ സത്തും അതി പ്രാചീനവും ഏതു കാലത്തും ഏതു മതവുമായും ബന്ധപ്പെടുത്തി ഉപാസിക്കാൻ കഴിയുന്നതുമായ അതിശക്തമായ കാലത്തെ അതിവർത്തിക്കുന്ന ഒരു ഉപാസനാ പദ്ധതിയാണ് വിരാട്ട് പുരുഷോപസന .ഇത് ഒരു നാസ്തികനുപൊലും അറിയാൻ സാധിക്കുന്ന ഒരു മഹത്തായ രീതിയാണ്.ഇവിടത്തെ ഈശ്വരൻ പ്രപഞ്ച പുരുഷനും അവന്റെ കാരണവും ആണ്.ഈ പ്രപഞ്ച പുരുഷനിൽ വേണ്ടവർക്ക് ക്രിസ്തുവിനെയോ ബുദ്ധ നെയോ ഒക്കെ സങ്കൽപ്പിക്കുന്നതിൽ തെറ്റില്ല.പക്ഷെ അതിന്റെ പുറകിൽ മറഞ്ഞിരിക്കുന്ന സകല ജീവജാലങ്ങളുടെ ആയിരക്കണക്കിന് തലകളിലും കണ്ണുകളിലും പാദങ്ങളിലും ചലിക്കുന്ന ആ പരബ്രഹ്മ പരമേശ്വരൻ തന്നെയാണ് വിരാട്ട് പുരുഷനായ വിഷ്ണു. ശാക്തെയം അതിനെ മഹാമായ ത്രിപുര സുന്ദരി ദേവി എന്നുവിളിച്ചു .ക്രിസ്തു അവനെ പിതാവ് എന്നും നബി അള്ളാ എന്നും വിളിച്ചു.ഈ ചിര പുരാതനമായ വിരാട്ട് വ്യാഹൃതി പ്രാണായാമ പദ്ധതിയിൽ സമയാചാര പ്രകാരമുള്ള ശ്രീവിദ്യോപാസനയും കുണ്ടലിനി യോഗവും അഷ്ടാംഗയോഗവും അതി വിദഗ്ധമായി സംയോജിക്കുന്നു എന്ന് ശ്രദ്ധിക്കുന്ന ഏവർക്കും വ്യക്തമായി അറിയാൻ കഴിയും.വേദാന്തവും തന്ത്രവും എല്ലാം സമ്മേളിക്കുന്ന ഈ വിരാട്ട് അനുഭവമാണ് കൃഷ്ണൻ അർജുനന് കാട്ടി കൊടുക്കുന്നത്. ഈ ഉന്നതമായ തത്വങ്ങൾ അനുഭവിക്കുന്ന ഏതു സാധകനും ആത്മസാക്ഷാത്കാരം നേടുമെന്നത് സത്യമാണ് .ഒരേ സമയം സഗുണവും നിർഗുണവുമായി നിലകൊള്ളുന്ന ബ്രഹ്മത്ത്തിന്റെ അതി സൂക്ഷ്മ തത്വത്തെ അതെ നാണയത്തിലുള്ള ഒരേ സമയം സരൂപവും നിരാകാരവുമായ വിരാട്ട് പ്രപഞ്ച സ്വരൂപത്താൽ "വിശേഷേണ ഗ്രഹിച്ചു" കൊണ്ട് ബുദ്ധൻ പറയുന്ന "നിർമനം" എന്ന അവസ്ഥ ഉണ്ടാക്കി എടുക്കുവാൻ കഴിയുന്നു.ഇതുതന്നെയാണ് "ചിത്തവൃത്തി നിരോധനം യോഗം " എന്ന് പതഞ്ജലി അഷ്ടാംഗ യോഗത്തിൽ വ്യക്തമാക്കുന്നതും .
വ്യാഹൃതി പ്രാണായാമ പദ്ധതിയിലെ പല ഷഡാധാര ചക്ര ലോകങ്ങളെ കൽപ്പിക്കുന്ന (ഭൂർ ,ഭുവ,സ്വ,മഹ ,ജന ,തപ .....) ദീർഖ കുംഭകം പ്രാണനെയും അപാനനെയും യോജിപ്പിച്ചു നിശ്ചലമാക്കുന്ന യോഗാവസ്ഥ വേഗത്തിൽ സംജാതമാക്കുന്നു.മിക്ക സാധനകളുടെയും ആദ്യ ലക്ഷ്യം ഈ അവസ്ഥ ഉണ്ടാക്കുകയാണ് .ആ ഇടവേളകളിൽ ബോധവാനാകുവാൻ ആണ് വിജ്ഞാൻ ഭയ് രവ തന്ത്രയും ബുദ്ധൻ നൽകിയ വിപസ്സനയും ഓംകാര ജപവും ചില സൂഫി ധ്യാനങ്ങളും ഒക്കെ ഉപദേശിക്കുന്നത്.
ഈ പദ്ധതിയിലെ പുരുഷൻ അവനവൻ തന്നെയാണ് എന്ന് അറിഞ്ഞ് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പരമാത്മ ബോധം കൂടി ആണ് താൻ എന്നും പിന്നീട് അത് തന്നെയാണ് താൻ എന്നും സാധകൻ സ്വയം അറിയുന്നു.സ്വന്തം ഭൗതിക ജീവിതം അൽപ്പംകൂടി ബോധപരമായി പ്രപഞ്ച ബോധത്തോടെ സത്യസന്ധമായി ആചരിക്കുക,അതിലൂടെ കർമ്മബന്ധങ്ങളിൽ നിന്നും സ്വതന്ത്രനാവുക ,അപ്രകാരം മുക്തി (സ്വാതന്ത്ര്യം )നേടുക എന്നത് തന്നെയാണ് ഇവിടത്തെ ഉപാസന . ഇവിടെ ജീവിതം "യജ്ഞം " എന്ന ആശയത്തിൽ നിർവഹിക്കപ്പെടുന്നു.അതുകൊണ്ടുതന്നെ ഇവിടെ ആത്മീയതയും ഭൗതികതയും മനോഹരമായി സമ്മേളിക്കുകയും കർമ്മ ബന്ധങ്ങൾ ഇല്ലാത്ത നല്ല ഒരു ജീവിതം എന്നത് പ്രധാനമായി വരികയും ചെയ്യുന്നു.ഇതുതന്നെയാണ് ഭഗവദ് ഗീതയിലെ കർമ്മയോഗം .ഇതുതന്നെയാണ് യഥാർത്ഥ വേദാനുസാരിയായ ജീവിതം .ഇതുതന്നെയാണ് യഥാർത്ഥ ജ്ഞാന യോഗം . കാരണം വേദം എന്ന വാക്കിന്റെ അർഥം ജ്ഞാനം എന്നാണ് . മാത്രമല്ല വേദങ്ങളുടെ സത്തയായ പുരുഷ സൂക്ത തത്വംതന്നെയാണ് ഈ പദ്ധതിയുടെ അടിസ്ഥാന ഘടകം .
ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ തൊണ്ണൂറാം സൂക്തമാണ് ഇത് .അഥർവ്വ വേദത്തിലെ പത്തൊമ്പതാം കാണ്ഡം ആറാം സൂക്തം ഇതിന്റെ ആവർത്തനം ആണ് .യജുർവേദത്തിൽ മുപ്പത്തൊന്നാം അദ്ധ്യായം പുരുഷ സൂക്തം ആകുന്നു.സാമവേദത്തിൽ പലയിടത്തായി പുരുഷ സൂക്ത മന്ത്രങ്ങൾ കാണപ്പെടുന്നു.ചുരുക്കത്തിൽ വേദങ്ങളുടെ എല്ലാം സത്താണ് പുരുഷസൂക്തം .------------------------------------------------------------------------
അർജുനന് കുരുക്ഷേത്ര യുദ്ധമുഖത്ത് ഉപദേശിച്ചത് ഗീത അല്ല .---------------------------
അതിന്റെ സത്തായ വെറും ഇരുപത്തിരണ്ടു മന്ത്രങ്ങൾ മാത്രമുള്ള, ഗീതയ്ക്കും എത്രയോ കാലം മുൻപ് ഉണ്ടായ ഋഗ്വേദത്തിലെ പുരുഷസൂക്തമാണ് പരിമിതമായ സമയത്തിൽ ഉപദേശിച്ചത് എന്ന് നിസ്സംശയം പറയാം .ഇതിനെ പിന്നീട് വ്യാസൻ ഏവർക്കും മനസ്സിലാക്കുവാനായി വിശദീകരിച്ചു പറഞ്ഞപ്പോൾ അത് ബൃഹത്തായ ഇന്നത്തെ ഭഗവദ് ഗീത എന്ന അറിയപ്പെട്ടു എന്നേയുള്ളു എന്നത് നമുക്ക് ഇവിടെ വ്യക്തമായി കണ്ടെത്താം.പുരുഷ സൂക്തം വിശദമായി പറഞ്ഞാൽ അത് ഭഗവദ് ഗീതയാകുന്നു എന്ന വിപ്ലവകരമായ കണ്ടെത്തൽ ആണ് നാം ഇവിടെ നടത്തുന്നത്.ഇടക്കെപ്പഴോ നമുക്ക് നഷ്ടമായ ഋഷിമാർ എപ്പോഴും ആവർത്തിക്കുന്ന വേദങ്ങളുടെ പ്രാധാന്യം എന്തെന്ന ആ രഹസ്യം ഉരുക്കഴിക്കുകയാണ് നാമിവിടെ . പുരുഷ സൂക്തത്തിലെ ഓരോ വാക്കുകളും വിശദമായി നിർവചിച്ചാൽ നമുക്ക് ലഭിക്കുന്നത് ഭഗവദ് ഗീതയിലെ പല പല ശ്ലോകങ്ങൾ ആണ്.അതുപോലെ ഭഗവദ് ഗീതയിലെ പ്രധാന ശ്ലോകങ്ങളെ ചുരുക്കി പറഞ്ഞാൽ ലഭിക്കുനത് പുരുഷ സൂക്തമാണ്.അടുത്ത നിമിഷം യുദ്ധം ചെയ്യാൻ തയാറായി നിൽക്കുന്ന കൗരവർക്കും പാണ്ടവർക്കും ഇടയിൽ ഗീതയിലെ ഇത്രയും ബൃഹത്തായ പ്രസംഗം നടത്തുന്നതിന്റെ പ്രായോഗികത ഇന്നും തർക്ക വിഷയമാണ്.ഇതിനാൽ കൃഷ്ണൻ എന്നൊരു ജന്മം ഇല്ലെന്നു വരെ വാദിക്കുന്നവർ ഉണ്ട്.എന്നാൽ ഓഷോ യെ പോലുള്ളവർ അതൊരു സമയമില്ലാത്ത ആത്മീയ ലോകത്തെ ഒരു ആത്മീയ കയ്മാറ്റം ആയിരുന്നു എന്ന് പറയുന്നതും ഈ ചെറിയ പുരുഷ സൂക്തത്തിന്റെ ആഴവും കൂട്ടി വായിച്ചാൽ കാര്യങ്ങൾ വേഗം അറിയാൻ കഴിയുന്നു.പുരുഷ സൂക്തത്തിന്റെ വിശദമായ അർത്ഥ തലങ്ങളിലേക്ക് നാം യാത്ര തുടങ്ങുന്നു......തുടരും --SREE..Read more on
http://viratpurushan.blogspot.in/   http://sreedharannamboothiri.blogspot.in/   Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ -