Friday, February 26, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -6
തസ്മാദ്വിരാഡജായതേ
വിരാജോ അധി പൂരുഷഃ
സ ജാതോ അത്യരിച്യത
പശ്ചാദ് ഭൂമിമഥോ പുരഃ       5

തസ്മാത് =ഇവനിൽനിന്നു(ആദിപുരുഷനിൽനിന്നും ) ,വിരാട് =ബ്രഹ്മാണ്ഡം ,അജായത =ഉണ്ടായി,വിരാജ: =വിരാടിൽനിന്നു ,അധി =പിന്നീടും പ്രകടമായി,  ,പുരുഷ :=പുരുഷൻ  ,സ:=അദ്ദേഹം ,ജാതോ  = ഉണ്ടായിക്കൊണ്ട്  ,അത്യരിച്ച്യത =എല്ലായിടത്തും വ്യാപിച്ചു.പശ്ചാദ്‌ =പിന്നീട് ,ഭൂമിം =ഭൂമിയെ ,അഥ :=അതിനുശേഷം  ,പുര :=ശരീരത്തെ.
ഈ പുരുഷനിൽനിന്നും വിരാട്ട് ബ്രഹ്മാണ്ഡം ഉണ്ടായി .ഈ ബ്രഹ്മാണ്ടത്തിൽപിന്നീടും   പുരുഷൻ പ്രകടമായി.  തുടർന്ന് അദ്ദേഹം വീണ്ടും സൃഷ്ടി വ്യാപിപ്പിച്ചു.പിന്നീട് ഭൂമിയും  അതിനുശേഷം ശരീരവും .


. ഇവിടം മുതൽ സൃഷ്ടിയുടെ രഹസ്യങ്ങൾ വേദങ്ങൾ വെളിവാക്കുന്നത് കാണാം.വ്യക്തമായ ഉദ്ദേശത്തോടെയാണ് ഋഷിമാർ ഇവിടെ സൃഷ്ടി യജ്ഞം പറയുന്നത് പുരുഷ സൂക്തത്തിന്റെ അവസാനം ഇതിനെ വ്യക്തമായി ബന്ധപ്പെടുത്തുവാനാണ്.ഈശ്വരന്റെ ഈ രീതിയിലുള്ള പ്രപഞ്ച യജ്ഞത്തെ അനുകരിച്ചു കൊണ്ട് സ്വകർമ്മം നിർവഹിക്കുന്നവർ ദുഖമില്ലാത്ത ശാശ്വതമായ ആനന്ദത്തെ പ്രാപിക്കുമെന്നു വ്യക്തമായി പിന്നീട് ബന്ധപ്പെടുത്തുന്നു.
"യജ്ഞേന യജ്ഞമയജന്ത ദേവാ.........സാധ്യാഃ സന്തി ദേവാഃ       16" എന്ന ശ്ലോകം ഇത് വ്യക്തമാക്കുന്നു.
അതിനാൽ സൂക്തം പുരുഷൻ  എന്ന അവബോധ ബ്രഹ്മത്തിന്റെ പ്രജാപതിയജ്ഞ ത്തിലൂടെ മുന്നോട്ടു വയ്ക്കുന്നത് ജീവിതം വിജയകരവും മനോഹരവുമാക്കുവാനുള്ള പ്രായോഗികമായ വഴികളുടെ ദൃഷ്ടാന്തം  ആണ്. അത് അറിയുവാൻ  ഗീതയിൽ വിശദമായി ഈ "കർമ്മ യജ്ഞം" ഒരുവൻ അനുഷ്ടിക്കെണ്ടതെങ്ങനെ എന്ന് വിശദമായി പറയുന്ന ഭാഗം നോക്കിയാൽ മാത്രം മതി.കർമ്മയജ്ഞത്തിലൂടെ  അഥവാ കർമ്മയോഗത്തിലൂടെ ഒരുവൻ കൃഷ്ണനെപോലെ,അർജുനനെപൊലെ ഒരേ സമയം ഭൗതികമായും ആത്മീയമായും വിജയിക്കുന്നു.തങ്ങളുടെ കര്മ്മംകൊണ്ട് ഈശ്വരനെ ആരാധിക്കാമെന്നു ലോകത്ത് ആദ്യം പറഞ്ഞത് വേദങ്ങളാണ്.ഇവിടെ ആധ്യാത്മികതയും ഭൗതികതയും ഒന്നുചേരുന്നു.സംശയങ്ങൾക്കെല്ലാം അറുതിവരുന്നു .
ഈ വിരാട്ട് സൃഷ്ടിക്രമം സൂക്ഷ്മമായി പഠിച്ചാൽ നമ്മുടെ ജീവിതത്തിന്റെ ഒരുപാട് ദുരൂഹതകളുടെ ചുരുളുകൾ അഴിയുകയായി.എങ്ങനെ ജീവിതം എളുപ്പവും മനൊഹരവുമാക്കാം എന്ന് അറിയാൻ കഴിയുന്നു.
 ///// ഈ പുരുഷനിൽനിന്നും വിരാട്ട് ബ്രഹ്മാണ്ഡം ഉണ്ടായി .ഈ ബ്രഹ്മാണ്ടത്തിൽപിന്നീടും   പുരുഷൻ പ്രകടമായി.  തുടർന്ന് അദ്ദേഹം വീണ്ടും സൃഷ്ടി വ്യാപിപ്പിച്ചു.പിന്നീട് ഭൂമിയും  അതിനുശേഷം ശരീരവും .////

ഈ സ്രിഷ്ടിക്രമം തുടങ്ങുന്നത് തന്നെ താൻ ഇപ്പോൾ നിലകൊള്ളുന്ന അവസ്ഥയിൽ നിന്നും അൽപ്പംകൂടി മുന്നോട്ടു വളർന്നുകൊണ്ടാണ്.അതായത് ആദ്യംതന്നെ പുരുഷൻ ഇന്നുകാണുന്ന രീതിയിൽ ഒരു ലോകം സൃഷ്ടിക്കാം എന്ന രീതിയിൽ ഉദ്ദേശിച്ചു ഇറങ്ങി പുറപ്പെടുകയായിരുന്നില്ല .അയതാർഥ ത്തിലുള്ള  ഭാവികാലത്തിലുള്ള യാതൊരു ഫലാപെക്ഷയും ഇല്ലാത്ത പൂർണ്ണമായും വർത്തമാനകാലത്തിൽ അതിഷ്ടിതമായ കർമ്മമായിരുന്നു അത്.അതായത് "പിന്നീട് " എന്നർത്ഥം  വരുന്ന വാക്കുകൾ   ഈ ശ്ലോകത്തിൽ മാത്രമല്ല പുരുഷ സൂക്തത്തിൽ മുഴുവൻ ആവർത്തിച്ചു ആവർത്തിച്ചു വരുന്നത് കാണാം.ഓരോ കർമ്മത്തിനു ശേഷവും സ്വാഭാവിക വികാസമാണ് ഉണ്ടാവുന്നത് .പുരുഷൻ -വിരാട്ട് -ഭൂമി-മനുഷ്യൻ .ആദ്യംതന്നെ പുരുഷൻ മനുഷ്യനെ സ്രിഷ്ടിച്ചു കളയാം എന്ന്  കരുതുന്നില്ല.പക്ഷെ നമ്മുടെ കർമ്മങ്ങൾ ഇത്തരത്തിൽ ഉള്ളവയല്ല എന്ന്  അറിയാൻ കഴിയും.നാം സങ്കൽപ്പങ്ങളുടെ ലോകത്താണ്.എല്ലാ പ്രവർത്തിയും നമ്മുടെ സാഹചര്യങ്ങൾക്ക് എതിരായി നാം ചെയ്തുകൊണ്ടിരിക്കുന്നു.നമ്മിൽ മിക്കവരുടെയും എല്ലാ പ്രവർത്തിയും ഇപ്രകാരം സ്വന്തം സാഹചര്യത്തെയും വാസനയേയും കഴിവിനെയും പരിഗണിച്ചുകൊണ്ട്‌ സ്വാഭാവികമായ വളർച്ചയിൽ ഉണ്ടാവുന്നവയല്ല.അവ അത്യാഗ്രഹങ്ങളിലും മാന്ത്രീക സ്വപ്നങ്ങളിലും മാനസീകരോഗജന്യമായ സ്വാർത്ഥ താത്പര്യങ്ങളിൽ നിന്നും ഒക്കെ ഉള്ളവയാണ്.അതുതന്നെയാണ് മനുഷ്യജീവിതം നരകമാക്കുന്നതും കൂടുതൽ പേരെ ഡിപ്രഷൻ  എന്ന അവസ്ഥയിലേക്ക് തള്ളി വിടുന്നതും.എന്നാൽ ഈ വിരാട്ട്  യജ്ഞ ഭാവേന തങ്ങളുടെ കർമ്മങ്ങളെ  അനുഷ്ടിക്കുന്നവൻ സ്വാഭാവികമായി ഒരു ദിനം വിജയിയായി തീരുന്നു.അയാളെ താരതമ്യങ്ങളോ മാനസീക സംഘർഷങ്ങളോ ബാധിക്കുന്നില്ല.അയാൾ സ്വയം വളർന്നുകൊണ്ടേയിരിക്കുന്നു.ഒന്നൊന്നായി നേടിക്കൊണ്ടിരിക്കുന്നു.അത് അയാൾക്ക് കർമ്മ ബന്ധങ്ങൾ സൃഷ്ടിച്ചു നല്കുന്നില്ല.കാരണം നൂറു ശതമാനം പ്രപഞ്ചത്തിന്റെ ഒഴുക്കിനനുസരിച്ചു നീങ്ങുകയാണ് .സൃഷ്ടാവിന്റെ തീരുമാനം അനുസരിച്ചു നീങ്ങുകയാണ്.അപ്പോൾ പ്രപഞ്ചത്തിലെ മറ്റു ശക്തികൾ  കൂടി സ്വധർമ്മം ചെയ്യുന്ന അയാളെ സഹായിക്കുകയും ചെയ്യുന്നു.അപ്രകാരം ക്രമേണ പുരുഷൻ ചെയ്യുന്ന യജ്ഞം പോലെ  അയാൾ യഥാക്രമം  കർമ്മംകൊണ്ട് ഈശ്വരനെ ആരാധിച്ചു ശരീരത്തിൽ ബന്ധനസ്ഥനാകാതെ തന്റെ ആത്മാവിന്റെ ശാശ്വതമായ ആനന്ദ സാമ്രാജ്യം  നേടുന്നു. അയാൾ വിരാട്ട് പ്രകൃതിയെപോലെ   പോലെ എപ്പോഴും പ്രവർത്തിയുടെ ഭാഗമാണ്.പക്ഷെ മറ്റു മിക്കവരും സദാ പ്രവർത്തിക്കായുള്ള തയാറെടുപ്പിന്റെ ഭാഗമാണ് . മറ്റുള്ളവരെ  സദാ ചവുട്ടി സ്റ്റാർട്ട് ആക്കേണ്ടിവരുമ്പോൾ വിരാട്ട് യജ്ഞ ഉപാസകൻ എപ്പോഴും സ്വയം സ്റ്റാർട്ടാകുന്നു .അതുകൊണ്ടുതന്നെ മറ്റു മിക്കവരും സദാ പരാതിയുടെ ഭാഗമാകുന്നതിനാൽ വിരാട്ട് യജ്ഞ ഉപാസകൻ എപ്പോഴും പരിഹാരത്തിന്റെ ഭാഗമാകും.അതുകൊണ്ടൊക്കെത്തന്നെ മറ്റുള്ളവർ മിക്കപ്പോഴും പരാജയത്തിന്റെ യും ദു:ഖത്തിന്റെയും ഫലം നേടുമ്പോൾ വിരാട്ട് യജ്ഞ ഉപാസകൻ മിക്കപ്പോഴും വിജയത്തിന്റെ ആനന്ദത്തിന്റെയും സംതൃപ്തിയുടെയും ഫലം നേടുന്നു.
ഭഗവദ്ഗീത 

മേൽ പറഞ്ഞ യജ്ഞത്തെ നിരവധി ശ്ലോകങ്ങളാൽ വളരെ വിശദമായിത്തന്നെ ഭഗവദ് ഗീത പറയുന്നു.ഒരർഥ ത്തിൽ ഭഗവദ്ഗീത മുഴുവൻ പദമൂന്നിയിരിക്കുന്നത് സ്വ കർമ്മത്തെ  യജ്ഞമാക്കുന്ന വേദത്തിലെ ഈ ഗൂഡവിദ്യയിലാണ് .അർജുനനെ പ്രാപ്തനാക്കുന്നതും ഇത് നിർവഹിക്കുവാനാണ് .അയാൾ പിന്നീട് ചെയ്തു വിജയിച്ചതും ഇതുതന്നെയാണ്  . ചില ഉദാഹരണങ്ങൾ കാണാം 
ദൈവമേവാപരേ യജ്ഞം യോഗിനഃ പര്യുപാസതേ ബ്രഹ്മാഗ്നാവപരേ യജ്ഞം യജ്ഞേനൈവോപജുഹ്വതി  (25)
വേറെചില യോഗികള്‍ ദേവന്മാരെയുദ്ദേശിച്ചുള്ള യജ്ഞമനുഷ്ടിക്കുന്നു. മറ്റുചിലര്‍ ബ്രഹ്മാഗ്നിയില്‍ ആത്മാവുകൊണ്ടു ആത്മാവിനെ സമര്‍പ്പിക്കുന്നു.
ശ്രോത്രാദീനീന്ദ്രിയാണ്യന്യേ സംയമാഗ്നിഷു ജുഹ്വതി ശബ്ദാദീന്വിഷയാനന്യ ഇന്ദ്രിയാഗ്നിഷു ജുഹ്വതി   (26)
 വേറെ ചിലര്‍ ശ്രോത്രാദികളായ ഇന്ദ്രിയങ്ങളെ സംയമരൂപമായ അഗ്നിയില്‍ ഹോമിക്കുന്നു. മറ്റു ചിലര്‍ ശബ്ദാദി വിഷയങ്ങളെ ഇന്ദ്രിയരൂപമായ അഗ്നിയില്‍ ഹോമിക്കുന്നു. 
സര്‍വ്വാണീന്ദ്രിയകര്‍മാണി പ്രാണകര്‍മാണി ചാപരേ ആത്മസംയമയോഗാഗ്നൌ ജുഹ്വതി ജ്ഞാനദീപിതേ   (27)
 വേറെ ചിലര്‍ എല്ലാ ഇന്ദ്രിയകര്‍മങ്ങളെയും പ്രാണക‍ര്‍മ്മങ്ങളെയും ജ്ഞാനദീപിതമായ ആത്മസംയമയോഗാഗ്നിയില്‍ ഹോമിക്കുന്നു.
 
ദ്രവ്യയജ്ഞാസ്തപോയജ്ഞാ യോഗയജ്ഞാസ്തഥാപരേ സ്വാധ്യായജ്ഞാനയജ്ഞാശ്ച യതയഃ സംശിതവ്രതാഃ   (28)
അപ്രകാരം ദ്രവ്യംകൊണ്ടു യജ്ഞം ചെയ്യുന്നവരും തപസ്സിനെ യജ്ഞമായി കരുതുന്നവരും യോഗത്തെ യജ്ഞമാക്കിയവരും വേദാധ്യായനത്തെയും ജ്ഞാനാര്‍ജ്ജനത്തെയും യജ്ഞമായി അനുഷ്ഠിക്കുന്നവരുമായ ദൃഢവൃതരായ മറ്റു യതികളുമുണ്ട്.

അഫലാംക്ഷിഭിര്‍യജ്ഞോ വിധിദൃഷ്ടോ യ ഇജ്യതേ യഷ്ടവ്യമേവേതി മനഃ സമാധായ സ സാത്ത്വികഃ   (11)
ഫലാകാംക്ഷയില്ലാതെ, ശാസ്ത്രവിധിപ്രകാരം യജ്ഞം ചെയ്യപ്പെടേണ്ട താണ് എന്ന ഭാവത്തോടെ മനസ്സിനെ യജ്ഞത്തില്‍ സമാഹിതമാക്കി യജിക്കപ്പെടുന്ന ആ യജ്ഞം സാത്വികമാണ്.

 
അഭിസന്ധായ തു ഫലം ദംഭാര്‍ഥമപി ചൈവ യത് ഇജ്യതേ ഭരതശ്രേഷ്ഠ തം യജ്ഞം വിദ്ധി രാജസം   (12)
ഹേ ഭരതശ്രേഷ്ഠ, ഫലാകാംക്ഷയോടെ ഡംഭോടെ യജിക്കപ്പെടുന്ന യജ്ഞം രാജസമാണ്.
 
വിധിഹീനമസൃഷ്ടാന്നം മന്ത്രഹീനമദക്ഷിണം ശ്രദ്ധാവിരഹിതം യജ്ഞം താമസം പരിചക്ഷതേ     (13)
ശാസ്ത്രവിധിയനുസരിക്കാതെയും, അന്നവും ദക്ഷിണയും കൊടുക്കാതെയും, മന്ത്രഹീനവും, ശ്രദ്ധയില്ലാതെയും ചെയ്യുന്ന യജ്ഞം താമസികമാണ്.   

അന്നാദ്ഭവന്തി ഭൂതാനി പര്‍ജന്യാദന്നസംഭവഃ യജ്ഞാദ്ഭവതി പര്‍ജന്യോ യജ്ഞഃ കര്‍മസമുദ്ഭവഃ   (14)
അന്നത്തില്‍നിന്നു ഭൂതങ്ങള്‍ ഉണ്ടാകുന്നു. മഴയില്‍നിന്നു അന്നവും ഉദ്ഭവിക്കുന്നു. യജ്ഞത്തില്‍ നിന്നു മഴയുണ്ടാകുന്നു. യജ്ഞം ക‍‍‍ര്‍മ്മത്തില്‍നിന്നുണ്ടാകുന്നു

..തുടരും --SREE.



No comments:

Post a Comment